Site iconSite icon Janayugom Online

നിതീഷ് കുമാറിന് പ്രിയം കുറയുന്നു; ചിരാഗ് പസ്വാന് എന്‍ഡിഎ പിന്തുണ

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി — രാം വിലാസ്) അധ്യക്ഷന്‍ ചിരാഗ് പസ്വാനെ രണ്ടാമനായി ഉയര്‍ത്തിക്കാട്ടി എന്‍ഡിഎ ഘടകകക്ഷികള്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ മഹാഗഡ്ബന്ധനും ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം നടക്കാനിരിക്കെയാണ് ചിരാഗ് പസ്വാന്‍ എന്‍ഡിഎയുടെ രണ്ടാമനായി മാറിയത്.
അടുത്തിടെ നടന്ന പീപ്പിള്‍സ് പള്‍സ് സര്‍വേയിലും ചിരാഗ് ജനപ്രിയ നേതാവായി മാറിയത് ഭരണം നിയന്ത്രിക്കുന്ന ജനതാദള്‍ യുണൈറ്റഡിനെ അമ്പരിപ്പിച്ചു. സംസ്ഥാനത്ത് ഏതാനും മണ്ഡ‍ലങ്ങളില്‍ മാത്രം സാന്നിധ്യമുള്ള എല്‍ജെപി അധ്യക്ഷന് ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ എന്നിവരെക്കാള്‍ ജനപ്രീതിയുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. എന്‍ഡിഎ വിജയിച്ചാല്‍ നിതീഷിനെക്കാള്‍ മുന്‍ഗണന ചിരാഗിനാണെന്ന് പിന്തുണച്ചവര്‍ പറഞ്ഞു.
സർവേയിൽ ജനപ്രീതി കുറഞ്ഞെങ്കിലും നിതീഷ് കുമാറിന്റെ പാർട്ടിക്ക് ഇപ്പോഴും പിന്നാക്കക്കാരിലും ദളിതുകളിലും പിന്തുണയുണ്ട്. യാദവർക്കും കുശ്വാഹമാർക്കും ശേഷമുള്ള മൂന്നാമത്തെ വലിയ ഒബിസി വിഭാഗമായ കുർമികളും സ്ത്രീകളും നിതീഷിനെയാണ് പിന്തുണയ്ക്കുന്നത്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപി, ജെഡിയു, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, എല്‍ജെപി (രാംവിലാസ്), ഉപേന്ദ്ര കുശ്വഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവയാണുള്ളത്. രാഷ്ട്രീയ ജനതാദള്‍, സിപിഐ, സിപഐ(എം), കോണ്‍ഗ്രസ്, മുകേഷ് സഹാനിയുടെ വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവയാണ് പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലുള്ളത്.
നിതീഷ് കുമാറിന്റെ അനാരോഗ്യം, ജാതി സംഘടനകളുടെ എതിര്‍പ്പ്, ഭരണ വിരുദ്ധ വികാരം എന്നിവ എന്‍ഡിഎ ഘടകകക്ഷികളെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതിന് ബദലായാണ് ചിരാഗ് പസ്വാനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഘടകകക്ഷികള്‍ തന്ത്രം മെനയുന്നത്. ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അതിതീവ്ര പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം നടത്തിയ വോട്ട് ചോരി യാത്രയും എന്‍ഡിഎ ക്യാമ്പില്‍ മ്ലാനത പടര്‍ത്തിയിട്ടുണ്ട്.

Exit mobile version