Site iconSite icon Janayugom Online

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിതിഷിന്റെ പ്രഖ്യാപനം

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറില്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഒറ്റയടിക്ക് 400 രൂപയില്‍ നിന്ന് 1100 രൂപയാക്കി വര്‍ധിപ്പിച്ചു. വൃദ്ധര്‍ , അംഗപരിമിതര്‍ , വിധവകള്‍ തുടങ്ങിയവര്‍ക്കുള്ള പ്രതിമാസ പെന്‍ഷനാണ് ഉയര്‍ത്തിയത്. ജൂലായ് മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും.1.09 കോടി പേര്‍ ബിഹാറില്‍ ക്ഷേമ പെന്‍ഷനില്‍ ഗുണഭോക്താക്കളാണെന്നാണ് വിവരം.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി പ്രകാരം എല്ലാ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും ഇനിമുതല്‍ പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ പെന്‍ഷനായി ലഭിക്കുമെന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു.എല്ലാ ഗുണഭോക്താക്കള്‍ക്കും ജൂലായ് മാസംമുതല്‍ വര്‍ദ്ധിപ്പിച്ച നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും.എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടിലേക്ക് ഈ തുക മാസം 10-ാം തീയതി ലഭിക്കുന്നത് ഉറപ്പാക്കും. ഇത് 1,09,69,255 ഗുണഭോക്താക്കള്‍ക്ക് വളരെയധികം സഹായകമാകും, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എക്‌സിലൂടെ അറിയിച്ചു.

ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. ഗ്രാമത്തലവന്‍മാര്‍ക്ക് (മുഖ്യന്മാര്‍ക്ക്) നിലവിലുള്ള അഞ്ച് ലക്ഷം രൂപയുടെ പരിധി ഇരട്ടിയാക്കി 10 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ സ്വതന്ത്രമായി അംഗീകരിക്കാന്‍ അധികാരം നല്‍കി. പഞ്ചായത്ത് രാജ് സംവിധാനത്തിന് കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അലവന്‍സുകളില്‍ ഗണ്യമായ വര്‍ധനവും വരുത്തിയിട്ടുണ്ട്. ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിമാസ അലവന്‍സ് 20,000 രൂപയില്‍നിന്ന് 30,000 രൂപയായി വര്‍ധിക്കും. വൈസ് പ്രസിഡന്റിന്റെ അലവന്‍സ് 10,000 രൂപയില്‍നിന്ന് 20,000 രൂപയാക്കി ഉയര്‍ത്തി. ഗ്രാമ മുഖ്യന്മാര്‍ക്കുള്ള പ്രതിമാസ അലവന്‍സ് 5,000 രൂപയില്‍ നിന്ന് 7,500 രൂപയാക്കിയിട്ടുമുണ്ട്.

Exit mobile version