സംസ്ഥാന സ്കൂള്‍ അത്‌ലറ്റിക്സില്‍ പാലക്കാട് കൊടുവായൂര്‍ ജിഎച്ച്എസ്എസിലെ നിവേദ്യ കലാധര്‍ സുവര്‍ണനേട്ടം രണ്ടാക്കി ഉയര്‍ത്തി. ഇന്നലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയാണ് പാലക്കാടിന്റെ ഈ മിടുക്കി സൂപ്പര്‍ ഡബിള്‍ തികച്ചത്. 4 മിനിറ്റ് 53.23 സെക്കന്‍ഡിലാണ് താരം ഫിനിഷ് ലൈന്‍ കടന്നത്. കഴിഞ്ഞ ദിവസം 800 മീറ്ററിലും കൊടുവായൂര്‍ തേങ്കുറിശ്ശി സ്വദേശിയായ ഈ 10-ാം ക്ലാസുകാരി പൊന്നണിഞ്ഞിരുന്നു. കൂടാതെ നാനൂറ് മീറ്ററില്‍ വെങ്കലവും സ്വന്തമാക്കി.
തേങ്കുറിശ്ശി കരിപ്പാംകുളങ്ങര സഞ്ജു നിവാസില്‍ ശാന്തിയുടെ മകളാണ് നിവേദ്യ കലാധര്‍. 800 മീറ്ററിലെന്നപോലെ 1500 മീറ്ററിലും ഇടുക്കി സിഎച്ച് എസ് കാല്‍വരിമൗണ്ടിലെ അലീന സജി നാല് മിനിറ്റ് 56.80 സെക്കന്‍ഡില്‍ വെള്ളി സ്വന്തമാക്കി. പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ എസ് അര്‍ച്ചനയ്ക്കാണ് വെങ്കലം. സമയം: അഞ്ച് മിനിറ്റ് 02.75 സെക്കന്‍ഡ്. ഇതേയിനം സീനിയര്‍ പെണ്‍കുട്ടികളില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ ജെ എസ് നിവേദ്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ സി ആര്‍ നിത്യ സ്വര്‍ണമണിഞ്ഞു. നാല് മിനിറ്റ് 51.54 സെക്കന്‍ഡിലാണ് നിത്യ സി ആര്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്. അഞ്ച് മിനിറ്റ് 01.07 സെക്കന്‍ഡിലാണ് നിവേദ്യ ജെ എസ് ഫിനിഷ് ലൈന്‍ കടന്നത്. കണ്ണൂര്‍ ജിവിഎച്ച്എസ്എസിന്റെ ഗോപിക ഗോപി 5 മിനിറ്റ് 10.15 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.