Site iconSite icon Janayugom Online

നിസാമിന്റെ രത്നശേഖരം ആർബിഐ ലോക്കറിൽ തുടരും

ഹൈദരാബാദ് നിസാമുകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രത്ന, വജ്രാഭരണങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) യുടെ കസ്റ്റഡിയിൽ തുടരുമെന്ന് കേന്ദ്ര സർക്കാർ. ആഭരണങ്ങൾ ഹൈദരാബാദിലേക്ക് മാറ്റി പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് രാജ്യസഭയെ അറിയിച്ചു. ആകെ 173 അമൂല്യ ഇനങ്ങളടങ്ങുന്ന ശേഖരം 1995 മുതൽ ആർബിഐയുടെ മുംബൈയിലെ അതിസുരക്ഷാ വാൾട്ടുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ ലോകപ്രശസ്തമായ ‘ജേക്കബ് ഡയമണ്ട്’ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വജ്രമാണിത്. 1995‑ൽ സർക്കാർ നിസാമിന്റെ ട്രസ്റ്റിൽ നിന്ന് ഇത് വാങ്ങുമ്പോൾ ഏകദേശം 218 കോടി രൂപയായിരുന്നു വില. എന്നാൽ നിലവിൽ ഇതിന് ആയിരക്കണക്കിന് കോടി രൂപ വിപണി വിലയുണ്ടാകുമെന്ന് കരുതപ്പെടുന്നു.

നിസാമിന്റെ ആഭരണങ്ങൾ ഹൈദരാബാദിലെ സലാർ ജംഗ് മ്യൂസിയത്തിൽ സ്ഥിരമായി പ്രദർശിപ്പിക്കണമെന്ന ആവശ്യം തെലങ്കാന സർക്കാരും പൈതൃക പ്രേമികളും ദീർഘകാലമായി ഉന്നയിക്കുന്നതാണ്. മുമ്പ് 2001‑ലും 2006‑ലും ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ ഇവ താൽക്കാലികമായി പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഹൈദരാബാദിലെ സുരക്ഷാ ക്രമീകരണങ്ങളും ഇൻഷുറൻസ് പരിരക്ഷയും സംബന്ധിച്ച വെല്ലുവിളികൾ കാരണമാണ് ആഭരണങ്ങൾ മാറ്റുന്നതിൽ കേന്ദ്രം വിമുഖത കാണിക്കുന്നത്. നിലവിൽ ഇവ മാറ്റാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ നടക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. 

Exit mobile version