Site iconSite icon Janayugom Online

ഞാനും നീയും

ഞാൻ
തീക്കടൽ നീന്തിയൊരു
മഴ തിരഞ്ഞിറങ്ങുന്നു
നീ
മഴകൊണ്ടെനിക്കായൊരു
കടല് മെടയുന്നു
വിഷാദ വെയിലുകൾ
പടം പൊഴിയ്ക്കുന്നു
നിന്റെ കവിതകളിൽ
പ്രണയത്തിനു കുറുകെ
ഒഴുകുന്ന
നദികളെ കുറിച്ച്
വായിക്കുന്നു
അരികിലെത്തുമ്പോൾ
ഞാൻ മാത്രം
മാഞ്ഞുപോകുന്നു
എനിക്ക്
ശ്വാസം വിലങ്ങുന്നു
പ്രണയം കൊണ്ട്
വിഷം തീണ്ടിച്ച്
നീയെന്റെ
ആകാശനീലിമയിൽ നിന്നൊരു
നക്ഷത്രത്തെ എറിഞ്ഞിടുന്നു
ചുംബനങ്ങൾക്ക്
ചിറകുമുളപ്പിച്ച്
ഞാനതിനെ
നിലാവിന്റെ
മുലകൊടുത്തുറക്കുന്നു
നീയൊരു
വാക്കിന്റെ
ഇരുട്ട് കൊണ്ട്
ഇഷ്ടത്തെ
മറച്ചു വെയ്ക്കുന്നു
കുറുങ്കവിതകളുടെ
കുമ്പിളിലയിൽ
ഞാനെന്നെ
നിന്നിൽ
വൃഥാ തോരാനിടുന്നു
മൗനത്തിൽ
അമ്പേറ്റ് വീഴുന്ന
ഇണകളാവുന്നു
എന്നിട്ടും
വിരിച്ചിട്ട ഒരു
കവിതയ്ക്കിരുപുറമിരുന്ന്
നമ്മളെന്തിനാണെന്നും
പ്രണയ വൈകുന്നേരങ്ങളെ
കുടിച്ചു വറ്റിയ്ക്കുന്നത്

Exit mobile version