വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറാര്‍ എന്‍ എം വിജയന്റെ ആത്മഹത്യപ്രേരണക്കേസില്‍ പ്രതികളായി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവില്‍.ആത്മഹത്യ പ്രേരണ കേസില്‍ പ്രതി ചേര്‍ത്തതോടെ ഐ സി ബാലകൃഷ്ണനും, എന്‍ഡി അപ്പച്ചനും വയനാട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതായാണ് വിവരം.ഐ സി ബാലകൃഷ്ണൻ എം എൽ എ ഹോസ്റ്റലിലുണ്ടെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ നേതാക്കളുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്.
നേതാക്കൾ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ കോടതിയിൽ നൽകിയിട്ടുണ്ട്.അതേസമയം, വയനാട് ഡിസിസി മുൻ ട്രഷറർ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കേസ് അട്ടിമറിക്കാന്‍ കോൺഗ്രസ് നേതാക്കളുടെ ശ്രമമെന്ന് പരാതി. കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ്, ടി എന്‍ പ്രതാപന്‍, കെ ജയന്ത് എന്നിവര്‍ക്കെതിരെയാണ് പരാതി.
സിപിഐ(എം) വയനാട് ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂരാണ് പൊലീസില്‍ പരാതി നല്‍കിയത്.നേതാക്കളുടെ അഴിമതി കൊണ്ട് സാമ്പത്തിക ബാധ്യതയിലായ എന്‍ എം വിജയന്റെ കുടുംബം കേസില്‍ പ്രധാന സാക്ഷികളാണ്. ഇവരുടെ വീട്ടിലെത്തിയ കെപിസിസി സമിതി ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നു. നിയമവാഴ്ചക്കെതിരെയുള്ള നീക്കം പോലീസ് തടയണമെന്നാവശ്യപ്പെട്ടാണ് പരാതി.