എയർ ഇന്ത്യയുടെ വിമാനടിക്കറ്റ് ലഭിക്കാൻ വൈകുന്നത് പക്ഷിപ്പനി ഫലനിർണ്ണയത്തെ അനിശ്ചിതത്വത്തിലാക്കുന്നു. രോഗ ബാധിത മേഖലകളിലെ സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീലേക്ക് അയക്കാൻ മൃഗസംരക്ഷണ വകുപ്പിന് കഴിയുന്നില്ല.
ക്രിസ്തുമസ് തിരക്ക് വർദ്ധിച്ചതിനാലാണ് ടിക്കറ്റുകൾ ലഭിക്കാൻ ബുദ്ധിമുട്ട് നേിടുന്നതെന്നാണ് എയർ ഇന്ത്യ അധികൃതർ മൃഗസംരക്ഷണ വകുപ്പിന് നൽകുന്ന വിശദീകരണം. ഇനി നാല് ഇടങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകളാണ് ഭോപ്പാലിലേക്ക് അയക്കാനുള്ളത്. സാമ്പിൾ ഫലം വൈകുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. അതേസമയം, കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്നോ നാളെയോ ടിക്കറ്റുകൾ അടിയന്തിരമായി ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തികരിച്ചാതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
ടിക്കറ്റ് ലഭിച്ചാൽ ഉടൻ സാമ്പിളുകൾ പ്രത്യേക വിമാനത്തിൽ കയറ്റി അയക്കും. നിലവിൽ കുട്ടനാട്, ഹരിപ്പാട്, കാർത്തികപ്പള്ളി താലൂക്ക് കൂടാതെ, അമ്പലപ്പുഴ താലൂക്കിലും രോഗ വ്യാപനം വർദ്ധിക്കുന്നതായാണ് അധികൃതർ പറയുന്നത്. അമ്പലപ്പുഴയിൽ ഇന്നലെ 18,500 താറാവുകളെയാണ് കള്ളിംഗിന് വിധേയമാക്കിയത്. ഇന്ന് 25,000 താറാവുകളെ കൂടി നശിപ്പിക്കും.
കൊല്ലുന്ന താറാവുകളെ സുരക്ഷിതമായി മറവു ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമുകൾക്കാണ്. ഗ്രാമപഞ്ചായത്തും സഹകരിക്കുന്നുണ്ട്. മേഖലയിൽ നിരീക്ഷണം നടത്തുന്നതിന് പൊലീസിന് നിർദേശം നൽകി. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചമ്പക്കുളം, നെടുമുടി, മുട്ടാർ, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് എന്നിവിടങ്ങളിലും നിയന്ത്രണം തുടരുകയാണ്. രോഗ ബാധിത പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണാക്കി മാറ്റിയിട്ടുണ്ട്.
ഇറച്ചി, മുട്ട, വ്യാപാരങ്ങൾ കർശനമായും തടഞ്ഞിട്ടുണ്ട്. തുടർച്ചയായി പക്ഷിപ്പനി ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രസംഘം എത്താൻ സാധ്യതയുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ എല്ലാ ശ്രമങ്ങളും ആരോഗ്യവകുപ്പും മൃഗസംരക്ഷണ വിഭാഗവും സ്വീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗവും ചേരുന്നുണ്ട്.
english summary; No airline ticket to send sample; Bird flu confirmation delayed
you may also like this video;