പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനവേളയില്‍ വന്‍കിട പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവന പാഴ്‌വാക്കായി. അതിവേഗ റെയില്‍ പദ്ധതി, എംയിംസ് ഉള്‍പ്പെടെയുള്ള പദ്ധതികളെക്കുറിച്ച് സന്ദര്‍ശനവേളയില്‍ നിര്‍ണായക പ്രഖ്യാപനം ഉണ്ടായേക്കുമെന്നായിരുന്നു സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ അവകാശവാദം. വികസന പദ്ധതികളുടെ പ്രഖ്യാപനത്തില്‍ മൗനം പാലിച്ച പ്രധാനമന്ത്രി തിരുവനന്തപുരത്ത് നടത്തിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നു. ബിജെപി ആദ്യമായി ഭരണത്തിലേറിയ തിരുവനന്തപുരം കോര്‍പറേഷനോടും പ്രധാനമന്ത്രി മുഖം തിരിച്ചു. മോഡിയുടെ പ്രസംഗത്തില്‍ നഗരത്തിന്റെ സമഗ്ര വികസന പദ്ധതികളുടെ പ്രഖ്യാപനത്തിനായി കാതോര്‍ത്തവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഇളിഭ്യരായി. തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി പ്രത്യേക പദ്ധതികളോ പാക്കേജുകളോ പ്രഖ്യാപിച്ചില്ല. തിരുവനന്തപുരം നഗരത്തിന്റെ വികസന നയരേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നതായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം.
സംസ്ഥാന സർക്കാർ ഭൂമി ഉൾപ്പെടെ കണ്ടെത്തി കാത്തിരിക്കുന്ന എയിംസിനെക്കുറിച്ചും മോഡി മൗനം പാലിക്കുകയായിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014ൽ ആണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇത്രയും കാലമായിട്ടും ഇത് യാഥാർത്ഥ്യമാക്കാനുള്ള നടപടി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു കേരളത്തിന് എയിംസ് എന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഒന്നും മിണ്ടാതെ പ്രധാനമന്ത്രി മടങ്ങുകയായിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങളെ വിമര്‍ശിച്ച മോഡി ഉത്തരേന്ത്യയില്‍ സ്ഥിരമായി പ്രയോഗിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങളും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തതും ചില പദ്ധതികളുടെ തറക്കല്ലിടലും മാത്രമാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചടങ്ങുകളിൽ നടന്നത്. അതേസമയം മോഡിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ നടന്നത്. പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിലാണ് മലയാളികൾ കൂട്ടമായി ചോദ്യങ്ങളുമായി എത്തിയത്. കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതം എവിടെ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു. ‘കേരള ആസ്‌ക് മോഡി’ എന്ന ഹാഷ് ടാഗിലായിരുന്നു ചോദ്യങ്ങള്‍. കേരളത്തിന് നല്‍കാനുള്ള കുടിശിക എവിടെ എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്ന ചോദ്യം.

