Site iconSite icon Janayugom Online

മാപ്പപേക്ഷയില്ല; വിവാദ ജഡ്ജിക്കെതിരെ നടപടി ഉണ്ടായേക്കും

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ വീണ്ടും റിപ്പോർട്ട് തേടി സുപ്രീം കോടതി കൊളീജിയം. വിഎച്ച്പി പരിപാടിയിലെ വിവാദ പ്രസംഗത്തിൽ കൊളീജിയം വിളിച്ചുവരുത്തി ശാസിച്ച് ഒരു മാസം തികയുന്നതിന് മുന്നെയാണ് ജഡ്ജിക്കെതിരെ വീണ്ടും റിപ്പോർട്ട് തേടിയിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും വിദ്വേഷ പ്രസംഗത്തിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനാലാണ് പുതിയ നടപടികള്‍.
ജസ്റ്റിസ് യാദവിനെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം നേരത്തെ താക്കീത് ചെയ്തിരുന്നു. ജഡ്ജിയുടെ പരാമർശത്തിൽ അന്വേഷണം പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

ഇന്ത്യയിൽ ഭൂരിപക്ഷ സമുദായത്തിന്റെ താല്പര്യമാണ് നടപ്പാകേണ്ടതെന്നായിരുന്നു അലഹബാദ് ഹൈ­ക്കോടതി ജഡ്ജിയുടെ പ്രസംഗത്തിലെ വിവാദ ഭാഗം. ജസ്റ്റിസ് ശേഖർ കുമാർ യാദവിന് എതിരെ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പയ്‌ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബലിറ്റി ആൻഡ് റിഫോംസ് എന്ന സംഘടന ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും മുസ്ലിം ലീഗ് എംപിമാർ പരാതി നൽകുകയും ചെയ്തിരുന്നു. ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ അധ്യക്ഷനും രാജ്യസഭാ അംഗവുമായ കപിൽ സിബലും ആവശ്യപ്പെട്ടു. 

പ്രസംഗത്തിൽ ഉടനീളം കടുത്ത ന്യൂനപക്ഷ വിരുദ്ധപരാമർശങ്ങൾ ആണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് നടത്തിയത്. പരാമര്‍ശം ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയെന്നും പൊതു പ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസും മര്യാദയും പാലിക്കണമെന്നും പദവി അറിഞ്ഞ് സംസാരിക്കണമെന്നും കൊളീജിയം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിച്ചെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളിയിരുന്നു. ഇനി രണ്ടു വഴികളാണ് സുപ്രീം കോടതിക്ക് ഈ കേസിലുള്ളത്. ഒന്ന് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള ശുപാർശ സുപ്രീം കോടതിക്ക് രാഷ്ട്രപതിക്ക് കൈമാറാം. എന്നാൽ ഇതിന് പാർലമെന്റിന്റെ അനുമതി വേണം. അല്ലെങ്കിൽ താല്‍ക്കാലികമായി കേസുകൾ കേൾക്കുന്നതിൽ നിന്ന് ജഡ്ജിയെ മാറ്റി നിര്‍ത്താനും സുപ്രീം കോടതിക്ക് കഴിയും. 

Exit mobile version