Site iconSite icon Janayugom Online

ടിവികെ പാർട്ടി പതാകയ്ക്ക് വിലക്കില്ല; മദ്രാസ് ഹൈക്കോടതി

നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) പാർട്ടിയുടെ പതാക ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ടി വി കെയുടെ പതാക പൊതുജനങ്ങളിൽ “വഞ്ചനയോ ആശയക്കുഴപ്പമോ ഉണ്ടാക്കുന്നില്ല” എന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നിലപാട്.

തൊണ്ടൈ മണ്ഡല സാന്ദ്രോർ ധർമ പരിപാലന സബായിയുടെ ട്രസ്റ്റി ജി ബി പച്ചയ്യപ്പനാണ് ഹർജി സമർപ്പിച്ചത്. വിജയ്‍യുടെ പാർട്ടിയുടെ പതാക തങ്ങളുടെ ട്രസ്റ്റിന്റെ പതാകയ്ക്ക് സമാനമായതിനാൽ പകർപ്പവകാശ ലംഘനമാണെന്നായിരുന്നു ഹർജിയിലെ ആരോപണം. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള മൂന്ന് വരകളാണ് ഇരു പതാകകളിലുമുള്ളത്. ഇത് പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഹർജിയിൽ വാദിച്ചു. എന്നാൽ, പതാകയിലെ നിറങ്ങൾക്ക് ട്രസ്റ്റിന് പ്രത്യേക ട്രേഡ്മാർക്ക് രജിസ്ട്രേഷൻ ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിൽ ഹർജിയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിഷയം സെപ്റ്റംബറിൽ പരിഗണിക്കാമെന്ന് നിർദേശിച്ചു. 

Exit mobile version