Site icon Janayugom Online

ജനവാസ മേഖലയില്‍ ബഫര്‍ സോണ്‍ വേണ്ട

bufferzone

ബഫര്‍ സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ബഫർ സോൺ (ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ) ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, ഇത്തരം പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ നിലപാട് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠകൾ പൂർണമായും ഉൾക്കൊണ്ടു കൊണ്ടുള്ളതാണ്. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാർക്കുകളുടെയും പരിധിയിൽ വരുന്ന ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇക്കോളജിക്കൽ സെൻസിറ്റീവ് സോണുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാട്. 

മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റിദ്ധാരണാജനകമാണ്. ഈ മേഖലകളിലെ എല്ലാ ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ച് എല്ലാ കെട്ടിടങ്ങളും നിർമ്മാണങ്ങളും ചേർത്ത് മാത്രമേ അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകുകയുള്ളൂവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സർക്കാരിന് ബഫർ സോൺ വിഷയത്തിൽ ഒരു അവ്യക്തതയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ വസ്തുതകളും വിവരങ്ങളും മറച്ചുവച്ച് ജനങ്ങളെ പുകമറയിൽ നിർത്താനും സർക്കാരിനെതിരെ വൈകാരിക പ്രതികരണങ്ങൾ സൃഷ്ടിക്കാനുമാണ് പ്രതിപക്ഷത്തെ ചിലർ ശ്രമിക്കുന്നത്. സർവേ നടത്തുന്നത് നിലവിലുള്ള നിർമ്മാണങ്ങൾ സംരക്ഷിക്കാനാണ് എന്ന വസ്തുത പോലും സൗകര്യപൂർവം മറച്ചുവയ്ക്കാനുള്ള നീക്കം ഉണ്ടാകുന്നു എന്നതും ആശ്ചര്യകരമാണ്. അത്തരത്തിലുള്ള കുപ്രചാരണങ്ങളെ തുറന്നു കാട്ടും. പരിസ്ഥിതി സംരക്ഷണത്തിൽ ജാഗ്രത കാട്ടുമ്പോൾത്തന്നെ ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല എന്നുറപ്പുവരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സുപ്രീം കോടതി നിശ്ചയിച്ച ബഫർസോൺ പ്രദേശങ്ങൾ കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളാണ് എന്ന് കോടതി മുൻപാകെ തെളിയിക്കുന്നതിനാണ് എല്ലാ നിർമ്മാണങ്ങളും ചേർത്ത് റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുന്നത്. ബഫർ സോൺ ആയി കോടതി നിശ്ചയിച്ച സ്ഥലങ്ങളിലെ താമസക്കാർക്കോ കര്‍ഷകർക്കോ യാതൊരുവിധത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല. ഈ പ്രദേശങ്ങൾ ബഫർ സോൺ ആക്കാൻ പ്രായോഗികമായുള്ള പ്രയാസങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി ഒമ്പതിനാണ് വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്കുചുറ്റും കേന്ദ്ര സർക്കാരിന്റെ ബഫർ സോൺ പ്രഖ്യാപനം ഉണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: No buffer zone in res­i­den­tial areas

You may also like this video

Exit mobile version