അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച പുതിയ ‘ബോർഡ് ഓഫ് പീസിൽ’ചേരാനുള്ള കാനഡയ്ക്കുള്ള ക്ഷണം ട്രംപ് പിൻവലിച്ചു. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ട്രംപും തമ്മിലുള്ള വാക്പോര് രൂക്ഷമായതിനെത്തുടർന്നാണ് ട്രംപിന്റെ ഈ നീക്കം. ബോർഡ് ഓഫ് പീസിലെ സ്ഥിരം അംഗത്വം നേടുന്നതിന് ട്രംപ് ആവശ്യപ്പെട്ട 100 കോടി ഡോളർ നൽകാൻ കാനഡ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വൻശക്തികളുടെ സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കാൻ മാർക്ക് കാർണി മറ്റ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തത് ട്രംപിനെ ചൊടിപ്പിച്ചു. കാനഡ നിലനിൽക്കുന്നത് തന്നെ അമേരിക്ക ഉള്ളതുകൊണ്ടാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക്, കാനഡ അഭിവൃദ്ധിപ്പെടുന്നത് തങ്ങൾ കാനഡക്കാരായതുകൊണ്ടാണെന്ന് മാർക്ക് കാർണി തിരിച്ചടിച്ചു.
അതേസമയം, യുഎൻ മാതൃകയിൽ ട്രംപ് വിഭാവനം ചെയ്ത ഈ പുതിയ അന്താരാഷ്ട്ര സംഘടനയെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ സംഘടനയിൽ ഉൾപ്പെടുത്തിയതിനെ യുകെ എതിർത്തപ്പോൾ, സ്പെയിൻ അംഗത്വം നിരസിച്ചു. എന്നിരുന്നാലും ഗാസയിലെ സമാധാന പ്രവർത്തനങ്ങളിൽ ഈ ബോർഡുമായി സഹകരിക്കാൻ തയ്യാറാണെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ അറിയിച്ചു. അർജന്റീന, പാകിസ്ഥാൻ, സൗദി അറേബ്യ തുടങ്ങി 35 രാജ്യങ്ങൾ ഇതിനോടകം ബോർഡിൽ അംഗത്വമെടുത്തിട്ടുണ്ട്.

