ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര വിഹിതം നല്കാത്തതാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങൾക്കുള്ള കേന്ദ്രവിഹിതമായി 10,000 കോടി രൂപയ്ക്ക് മുകളിൽ തുക കേന്ദ്രബജറ്റിൽ വകയിരിത്തിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ പകുതി അവസാനിക്കാറാകുമ്പോഴും ആദ്യ ഗഡു അനുവദിക്കുവാൻ കേന്ദ്രം തയ്യാറായിട്ടില്ല. മധ്യപ്രദേശിന് മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത് (156.58 കോടി രൂപ).
2022–23 വർഷം മുതൽ കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവും ബാക്കി തുക രണ്ടാം ഗഡുവുമായാണ് അനുവദിച്ചിരുന്നത്. നടപ്പ് വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ഇതും സംസ്ഥാന വിഹിതമായ 163.15 കോടിയും ചേര്‍ത്ത് കേന്ദ്രം നിശ്ചയിച്ച അടങ്കൽ തുക 447.46 കോടി രൂപയുമാണ്.
നടപ്പ് വർഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി കിട്ടേണ്ടത് 170.59 കോടി രൂപയാണെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല.
ഇത് ലഭിച്ചാൽ സംസ്ഥാനത്തിന്റെ 97.89 കോടി രൂപയുൾപ്പടെ 268.48 കോടി രൂപ താഴെത്തട്ടിലേക്ക് അനുവദിക്കുവാൻ സാധിക്കുകയും അതുവഴി നവംബർ വരെയുള്ള ചെലവുകൾക്ക് സ്കൂളുകൾക്കും മറ്റും പണം തടസമില്ലാതെ ലഭ്യമാകുകയും ചെയ്യും.
മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളടക്കം ആദ്യ ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപയ്ക്കുള്ള വിശദമായ പ്രൊപ്പോസൽ ജൂലൈ നാലിന് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, പ്രൊപ്പോസൽ സമർപ്പിച്ച് രണ്ട് മാസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതം അനുവദിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. മറിച്ച്, പ്രൊപ്പോസലിൻമേൽ വിചിത്രമായ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് സംബന്ധിച്ച് പരിശോധന നടത്തി അധ്യാപകർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസിനെ ചുമതലപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർക്കും.
English Summary: No central allocation for school meal scheme; All steps will be taken to solve the problem: Minister V Sivankutty
You may also like this video