Site icon Janayugom Online

പലിശ നിരക്കില്‍ മാറ്റമില്ല

തുടര്‍ച്ചയായ പത്താം തവണയും പലിശനിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗം. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് നയപരമായ പിന്തുണ തുടരേണ്ടത് ആവശ്യമായതിനാലാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തുടരുകയാണ്.
2021–22ലെ മൊത്തം ആഭ്യന്തര ഉല്പാദനം കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, 2022–23 വര്‍ഷത്തിലെ വളര്‍ച്ചാ അനുമാനം 7.8 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 9.2 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നായിരുന്നു ആര്‍ബിഐയുടെ അനുമാനം. സാമ്പത്തിക സര്‍വേയില്‍ ധനമന്ത്രാലയം മുന്നോട്ടുവച്ച വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണിത്. അടുത്ത സാമ്പത്തിക വര്‍ഷം എട്ടു മുതല്‍ എട്ടര ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വേയിലെ പ്രവചനം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തളര്‍ന്ന സാമ്പത്തിക രംഗം പൂര്‍ണതോതില്‍ തിരിച്ചുവന്നിട്ടില്ല. അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധന ഉള്‍പ്പെടെയുള്ള ആഗോള സാഹചര്യം സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനു തടസ്സമായി നില്‍ക്കുന്നുണ്ട്. കോവിഡിനു മുന്‍പുള്ള അവസ്ഥയിലേക്കുള്ള തിരിച്ചുവരവിന് സമയമെടുക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. കോവിഡിന്റെ ആഘാതത്തെ ചെറുക്കാന്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും ഘട്ടംഘട്ടമായി പിന്മാറിയേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു,
2023 സാമ്പത്തിക വര്‍ഷത്തിലെ ചില്ലറവില പണപ്പെരുപ്പ പ്രവചനം 4.5 ശതമാനമാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ രണ്ടു ശതമാനത്തില്‍ താഴെയായിരിക്കും.
നടപ്പ് പാദത്തില്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയിലാകുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിരക്ക് കുറയുമെന്നും ആര്‍ബിഐ പ്രതീക്ഷിക്കുന്നുണ്ട്.

Eng­lish sum­ma­ry; No change in inter­est rates

you may also like this video;

Exit mobile version