Site iconSite icon Janayugom Online

രാത്രി 11 മണിക്ക് ശേഷമുള്ള ഷോകളിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിലക്ക്; ഉത്തരവുമായി തെലങ്കാന ഹൈക്കോടതി

രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിലക്കേർപ്പെടുത്തി തെലങ്കാന ഹൈക്കോടതി. അതിരാവിലെയും അർദ്ധരാത്രിയിലും കുട്ടികളെ പുറത്തിറങ്ങി സിനിമ കാണാൻ അനുവദിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ജസ്റ്റിസ് ബി വിജയസെൻ റെഡ്ഡിയുടെ ബെഞ്ച് അത് അവരുടെ ശാരീരികവും വൈകാരികവുമായ ക്ഷേമത്തിന് ഹാനികരമാണെന്നും നിരീക്ഷിച്ചു. ബെനിഫിറ്റ് ഷോകളും അർദ്ധരാത്രി ഷോകളും സംബന്ധിച്ച് തെലങ്കാന സർക്കാരിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ഉത്തരവ്.

പ്രായപൂർത്തിയാകാത്തവരെ വൈകുന്നേരങ്ങളിൽ സിനിമ കാണാൻ അനുവദിക്കരുതെന്നും രാത്രി വൈകിയുള്ള ഷോകളിൽ പ്രായപൂർത്തിയാകാത്തവരെ തിയേറ്ററുകളിൽ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളില്ലെന്നും ഹർജിക്കാർക്കുവേണ്ടിയുള്ള അഭിഭാഷകർ വാദിച്ചു. ഈ ഉത്തരവ് അടിയന്തരമായി സംസ്ഥാനസർക്കാരിനോട് നടപ്പാക്കാനും കോടതി നിർദേശം നൽകി. തിയറ്ററുകളിലും തിയറ്റർ കോംപ്ലക്സുകളിലും മൾട്ടിപ്ലക്സുകളിലും ഈ നിയന്ത്രണം ബാധകമാകും. രാത്രി 11 മണി മുതൽ രാവിലെ 11 മണി വരെ നിയന്ത്രണം നടപ്പാക്കുന്ന കാര്യം തിയറ്ററുടമകളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. അത് വരെ 11 മണിക്ക് ശേഷം കുട്ടികളെയും കൊണ്ട് തിയറ്ററിൽ വരുന്നത് വിലക്കണമെന്നാണ് ഉത്തരവ്. തെലങ്കാനയിൽ നിലവിൽ ഒരു ദിവസത്തെ അവസാനഷോ അവസാനിക്കുന്നത് പുലർച്ചെ 1.30‑യ്ക്കാണ്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Exit mobile version