Site iconSite icon Janayugom Online

അവിശ്വാസ ചര്‍ച്ച നാളെ മുതല്‍

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച നാളെ ആരംഭിക്കും. രണ്ട് മാസത്തിലധികമായി കലാപം തുടര്‍ന്നിട്ടും മണിപ്പൂര്‍ വിഷയത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടുകള്‍ക്കെതിരെയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.
പാര്‍ലമെന്റില്‍ മണിപ്പൂര്‍ എന്ന് ഒരിക്കല്‍ പോലും ഊരിയാടാത്ത മോഡിയില്‍ നിന്നുള്ള മറുപടിയാണ് പ്രതിപക്ഷം പ്രതിക്ഷീക്കുന്നത്. കലാപത്തില്‍ ഇതിനോടകം 180 ഓളം പേരുടെ ജീവന്‍ നഷ്ടമായി. 12 മണിക്കൂര്‍ ചര്‍ച്ചയാണ് ലോക് സഭ കാര്യോപദേശക സമിതി അവിശ്വാസത്തിനായി നീക്കി വെച്ചിരിക്കുന്നത്. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള എന്‍ഡിഎ സഖ്യത്തിന് അവിശ്വാസം വെല്ലുവിളി ഉയര്‍ത്തില്ല. എന്നാല്‍ ഒരു സംസ്ഥാനം കത്തിയെരിയുന്ന വേളയിലുള്ള മോഡിയുടെ മൗനവും ബിജെപിയുടെ പ്രീണന രാഷ്ട്രീയവും തുറന്ന് കാട്ടാനുള്ള വേദിയായി ചര്‍ച്ച മാറും.
മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും സ്തംഭിച്ചു. രാവിലെ ചേര്‍ന്ന ലോക്‌സഭ ആദ്യം 12 വരെയും പിന്നീട് രണ്ടുവരെയും നിര്‍ത്തിവച്ചു. ഉച്ചകഴിഞ്ഞ് സമ്മേളിച്ചപ്പോള്‍ ഫാര്‍മസി ഭേദഗതി ബില്‍ ലോക്‌സഭ ശബ്ദ വോട്ടോടെ പാസ്സാക്കി. അനുസംധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍, മീഡിയേഷന്‍ ബില്‍, ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലുകള്‍ക്കും ലോക്‌സഭ അംഗീകാരം നല്‍കി.
രാജ്യം ഉറ്റുനോക്കിയ ഡല്‍ഹി സര്‍വ്വീസസ് ബില്ലാണ് രാജ്യസഭയില്‍ ഭരണ പ്രതിപക്ഷങ്ങളുടെ പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്നത്. സിപിഐ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്തു. സര്‍ക്കാരിന് പ്രത്യക്ഷത്തില്‍ ഭൂരിപക്ഷം കുറഞ്ഞ രാജ്യസഭയില്‍ ചെറുകക്ഷികളുടെ പിന്‍ ബലത്തില്‍ ബില്‍ സര്‍ക്കാര്‍ പാസാക്കുകയായിരുന്നു.

രാഹുലിന്റെ എംപി സ്ഥാനം 
പുനഃസ്ഥാപിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്‌സഭാ സെക്രട്ടേറിയറ്റ് അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കി. ഇതോടെ നാല് മാസത്തിന് ശേഷം രാഹുൽ പാർലിമെന്റിലെത്തി.
മോഡി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് കോടതി ശിക്ഷിച്ചതോടെ എം പി സ്ഥാനം നഷ്ടമായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീം കോടതി വിധിയോടെയാണ് അയോഗ്യത മറികടന്നത്. ഇന്ന് 134 ദിവസത്തെ ഇടവേളയ്ക്കു ശേഷം പാര്‍ലമെന്റ് മന്ദിരത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഊഷ്മള സ്വീകരണമൊരുക്കി. കോണ്‍ഗ്രസ് ആസ്ഥാനത്തും ആഘോഷങ്ങള്‍ നടന്നു.

eng­lish summary;No con­fi­dence motion debate from tomorrow

you may also like this video;

Exit mobile version