Site icon Janayugom Online

പാകിസ്ഥാനില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഇന്ന്

പാകിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ഇന്ന് ദേശീയ അസംബ്ലി ചര്‍ച്ചയ്ക്കെടുക്കും. ദേശീയ അസംബ്ലി പിരിച്ചുവിട്ട് വോട്ടെടുപ്പ് നടത്താനുള്ള പ്രസിഡന്റിന്റെ ശുപാര്‍ശ റദ്ദാക്കിയ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇന്ന് അവിശ്വാസപ്രമേയം പരിഗണിക്കുന്നത്. കഴിഞ്ഞതവണ അവിശ്വാസ പ്രമേയം തള്ളിയ ഡെപ്യൂട്ടി സ്പീക്കറുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് വിധിച്ചിരുന്നു. വിധി മാനിക്കുന്നതായി ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്നലെ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ പുറത്താക്കാന്‍ യുഎസ് ഗൂഢാലോചന നടത്തിയെന്ന ആരോപണം സര്‍ക്കാര്‍ കമ്മിഷന്‍ അന്വേഷിക്കുമെന്ന് പാക് മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. വിദേശ ഗൂഢാലോചനയുടെ തെളിവുകളടങ്ങിയ ഭീഷണി കത്തിന്റെ ഉള്ളടക്കം ദേശീയ അസംബ്ലിയില്‍ സമര്‍പ്പിക്കുമെന്നും ചൗധരി പറഞ്ഞു. അതിനുശേഷവും പ്രതിപക്ഷം വിശ്വാസവോട്ടെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ബാക്കിയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഫ്റ്റനന്റ് ജനറൽ (റിട്ട) താരിഖ് ഖാന്റെ നേതൃത്വത്തിലുള്ള കമ്മിഷനാകും അന്വേഷണം നടത്തുക. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രാദേശിക നേതാക്കളെ സംബന്ധിച്ചും അന്വേഷണമുണ്ടാകും. അവിശ്വാസ പ്രമേയ നീക്കത്തിനായി എട്ട് വിമത അംഗങ്ങളെ ഒരു വിദേശ എംബസി നേരിട്ട് സമീപിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

Eng­lish sum­ma­ry; No-con­fi­dence motion in Pak­istan today

You may also like this video;

Exit mobile version