Site iconSite icon Janayugom Online

ശ്രീലങ്കയില്‍ അവിശ്വാസ പ്രമേയ നീക്കം; ഭരണകൂടത്തിന് മുന്നറിയിപ്പുമായി പ്രതിപക്ഷം

ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സമാഗി ജന ബാലവേഗയ നേതാവ് സജിത് പ്രേമദാസ പാര്‍ലമെന്റിനെ അറിയിച്ചു. കടബാധ്യത ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വിദഗ്‍ധരായ സാമ്പത്തിക ഉപദേശകരെ സര്‍ക്കാര്‍ നിയമിക്കണമെന്നും പ്രേമദാസ ആവശ്യപ്പെട്ടു. സഭ ആരംഭിച്ചതിനു ശേഷം അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് രണ്ട് തവണ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. രണ്ട് അംഗങ്ങളെ താല്കാലികമായി സ്‍പീക്കര്‍ ചേംബറില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 

നിരവധി മന്ത്രിമാര്‍ രാജിവച്ചതിനു ശേഷം വിരലിലെണ്ണാവുന്ന മന്ത്രിമാരുമായാണ് പ്രസിഡന്റ് ഗോതബയ രാജപക്സെ സര്‍ക്കാരിനെ നിലനിര്‍ത്തിയിരിക്കുന്നത്. 41 അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതോടെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ രാജപക്സെയുടെ നില പരുങ്ങലിലാകും. അതേസമയം, നിയമിതനായി 24 മണിക്കൂറിനുള്ളില്‍ രാജിവച്ച ശ്രീലങ്കന്‍ ധനമന്ത്രി അലി സബ്രി വീണ്ടും സ്ഥാനമേറ്റെടുത്തു. അന്താരാഷ്ട്ര നാണയനിധിയുമായുള്ള ചര്‍ച്ചകള്‍ക്കായി പ്രതിനിധി സംഘത്തിന്റെ നേതൃസ്ഥാനമേറ്റെടുത്തു കൊണ്ടാണ് സബ്രി സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. ധനമന്ത്രിയായിരുന്ന ബേസില്‍ രാജപക്സെ പുറത്തായതിന് പിന്നാലെയാണ് അലി സബ്രിയെ ഗോതബയ നിയമിക്കുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്ഥാനമേറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ സബ്രി രാ‍ജിവയ്ക്കുകയായിരുന്നു.

Eng­lish Summary:No-confidence motion moved in Sri Lan­ka; Oppo­si­tion warns government
You may also like this video

Exit mobile version