സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജെൻഡർ ന്യൂട്രൽ യൂണിഫോം വേണമെന്ന തീരുമാനം സർക്കാരും വിദ്യാഭ്യാസ വകുപ്പും അടിച്ചേൽപ്പിക്കുന്നതാണെന്ന് ചില സംഘടനകൾക്ക് തെറ്റിധാരണയുണ്ട്.
ബാലുശ്ശേരി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തതല്ല. അവിടുത്തെ പിടിഎ, രക്ഷിതാക്കൾ, അധ്യാപകർ, നാട്ടുകാർ, തദ്ദേശസ്ഥാപനങ്ങൾ എന്നിവർ ഏകകണ്ഠമായി എടുത്ത തീരുമാനമാണത്.
2018 ൽ കാസർകോട് ജില്ലയിലെ ചെറിയാക്കര ജിഎൽപിഎസ് സ്കൂളിൽ അവിടുത്തെ പിടിഎ ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രാവർത്തികമാക്കിയിരുന്നു. ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ എന്ന തരംതിരിവ് നന്നല്ല. അത്തരം സ്കൂളുകൾ പിടിഎ തീരുമാനപ്രകാരം രണ്ട് കൂട്ടരും പഠിക്കുന്ന മിക്സഡ് സ്കൂളാക്കി മാറ്റുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ തുറക്കുന്നതിന് വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകൾ സർക്കാർ നടത്തിയോ അതേ രീതിയിൽ എല്ലാ കുട്ടികൾക്കും കോവിഡ് വാക്സിന്‍ നൽകുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary: No decision has been taken to implement gender neutral uniform: Minister V Sivankutty
You may like this video also