Site iconSite icon Janayugom Online

താമസസ്ഥലത്തിന്റെ അടിസ്ഥാനത്തിൽ പൊതു ജോലിയിൽ വിവേചനം പാടില്ല: ഹൈക്കോടതി

ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്നില്ലെന്ന കാരണത്താൽ ഒരു വ്യക്തിക്ക് പൊതു തൊഴിൽ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. പരീക്ഷയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടും അന്നമനട പഞ്ചായത്തിൽ സ്വന്തമായി താമസസ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടി തൊഴിൽ നിഷേധിച്ചതിനെതിരെയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്ഥലത്തിന്റെ പേരിലെ വിവേചനം സംബന്ധിച്ച നിയമപരമായ പ്രശ്നങ്ങൾ പരിഹരിച്ചതായി ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി. വിഷയത്തിൽ കൈലാഷ് ചന്ദ് ശർമ്മയ്ക്കെതിരായ രാജസ്ഥാൻ സർക്കാരിന്റെ കേസിലെ സുപ്രീം കോടതിയുടെ തീരുമാനത്തെ കോടതി പരാമർശിച്ചു. ‘പാർലമെന്ററി നിയമത്തിന്റെ അഭാവത്തിൽ, സംസ്ഥാനത്തിനുള്ളിൽ താമസിക്കണം എന്ന ആവശ്യകത നിഷിദ്ധമാണ്’ എന്നാണ് അന്ന് സുപ്രീം കോടതി പറഞ്ഞത്. 

കേസിലെ ഹർജിക്കാരിക്ക് അന്നമനട പഞ്ചായത്തിൽ സ്ഥലം ഇല്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ലഭിച്ച ജോലി നിഷേധിച്ചിരുന്നു. വൈസ് പ്രസിഡന്റ് ഉൾപ്പെടെ പഞ്ചായത്ത് കമ്മിറ്റിയിലെ ഒമ്പത് അംഗങ്ങൾ ഈ നിയമനത്തെ എതിർത്ത് രംഗത്ത് വന്നു. ഹർജിക്കാരിക്ക് ഒന്നാം റാങ്ക് ലഭിച്ചെങ്കിലും സ്ഥലം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജോലി നിഷേധിച്ചത്. പഞ്ചായത്തിൽ സ്ഥിരതാമസമാണെങ്കിലും ഏറ്റവും കുറവ് മാർക്ക് നേടിയ ആളെ നിയമിക്കാനാണ് നിയമനം അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് ഹർജിക്കാരി പറയുന്നു. അതിനാൽ പഞ്ചായത്ത് അംഗങ്ങളുടെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ പ്രമേയം റദ്ദാക്കണമെന്നും റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നിയമനം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

അതിനിടെ കേസ് നിലനിൽക്കെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ തസ്തികയിലേക്കുള്ള നിയമനം നടത്തേണ്ടതില്ലെന്നും ഒരുഘട്ടത്തിൽ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. എന്നാൽ ഹർജിക്കാരിയെ അവരുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ നിയമിക്കാൻ പഞ്ചായത്ത് ബാധ്യസ്ഥമാണെന്നും. പഞ്ചായത്തിന് പുറത്തുള്ളവരെ നിയമിക്കേണ്ടതില്ലെന്ന തീരുമാനം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രകാരമുള്ള ഭരണഘടനാ ഉറപ്പിന് വിരുദ്ധമാണെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. 

Eng­lish Summary:No dis­crim­i­na­tion in pub­lic ser­vice on the basis of place of res­i­dence: High Court
You may also like this video

Exit mobile version