Site iconSite icon Janayugom Online

നെഹ്‌റു ട്രോഫി വിധി നിർണയത്തിൽ പിഴവില്ല; വിജയി കാരിച്ചാല്‍ തന്നെ

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു. 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് കമ്മിറ്റി അറിയിച്ചു. 

വിധി നിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കാട്ടി രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. കുമരകം ടൗൺ ബോട്ട് ക്ലബ്‌ സ്റ്റാർട്ടിങ്ങിൽ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. എന്നാല്‍ പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി വ്യക്തമാക്കി. വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിൻ്റെ പരാതിയും അപ്പീൽ ജൂറി കമ്മിറ്റി തള്ളിയിരുന്നു. നടുഭാഗം തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പരാതി നിലനിൽക്കില്ലെന്നും അപ്പീൽ ജൂറി കമ്മിറ്റി വ്യക്തമാക്കി. 

ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ വിജയിയായത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാൽ വിയപുരം ചുണ്ടനെ മറികടന്നത്. പിന്നാലെ വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന് സംശയം ആദ്യമുയർന്നിരുന്നു. തുടര്‍ന്നാണ് ഫലനിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപണം ഉയർന്ന് തർക്കമുണ്ടായത്. തുടർച്ചയായി അഞ്ചാം വര്‍ഷവും കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് കിരീടം സ്വന്തമാക്കിയത്.

Exit mobile version