Site iconSite icon Janayugom Online

അന്യഗ്രഹ ജീവികൾക്ക് തെളിവില്ല: നാസ റിപ്പോര്‍ട്ട് പുറത്തുവിട്ടു

അന്യഗ്രഹ ജീവികളുടേതാണെന്ന പേരില്‍ പ്രചരിക്കുന്ന അ‍‍‍ജ്ഞാത വസ്തുക്കളെ (യുഎഫ്ഒ) സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് നാസ. യുഎഫ്ഒകള്‍ക്കു പിന്നില്‍ അന്യഗ്രഹ ജീവികളാണെന്നതിനു തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 33 പേജുള്ള റിപ്പോര്‍ട്ടാണ് നാസ ചുമതലപ്പെടുത്തിയ 16 അംഗ സംഘം തയ്യാറാക്കിയത്.

തിരിച്ചറിയാത്ത ആകാശപ്രതിഭാസങ്ങളില്‍ ഭൂരിഭാഗവും എന്താണെന്നതിന് ശാസ്ത്രീയമായി വ്യക്തത വരുത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ചില യുഎഫ്ഒ വിഡിയോകളുടെ സത്യാവസ്ഥയും സംഘം കണ്ടെത്തി. അമേരിക്കന്‍ നാവികസേന പകര്‍ത്തിയ യുഎഫ്ഒ വീഡിയോയില്‍ 22 മിനിറ്റു കൊണ്ട് 390 മീറ്ററാണ് ഒരു വസ്തു സഞ്ചരിക്കുന്നത്. ശരാശരി വേഗത കണക്കാക്കിയാല്‍ മണിക്കൂറില്‍ 40 മൈല്‍. ഇത് ഭൂമിയില്‍ നിന്നും 13,000 അടി ഉയരത്തിലുള്ള കാറ്റിന്റെ സ്വഭാവിക വേഗതയാണ്. അതുകൊണ്ടു തന്നെ മറ്റ് രാജ്യാതിര്‍ത്തികളില്‍ നിന്ന് വഴിതെറ്റി പറന്നെത്തിയ ബലൂണോ മറ്റോ ആകാം വീഡിയോയിലുള്ളതെന്ന് സംഘം പറയുന്നു. നിര്‍മിത ബുദ്ധിയെ യുഎഫ്ഒ പഠനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും നാസ പറയുന്നു.

ഒമ്പത് മാസം സമയമെടുത്താണ് വിദഗ്ധ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂപ്പത് വര്‍ഷമായി അമേരിക്കയില്‍ പലയിടത്തും അജ്ഞാത പേടകങ്ങള്‍ കണ്ടെന്ന അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പഠനം. സമിതിയുടെ പ്രവര്‍ത്തനത്തിനായി ഒരു ലക്ഷം ഡോളറാണ് വകയിരുത്തിയിരുന്നത്. അന്വേഷണത്തിനായി യുഎഫ്ഒ പ്രതിഭാസങ്ങളെ അൺഐഡന്റിഫൈഡ് അനോമലസ് ഫിനോമിന (യുഎപി) അഥവാ അജ്ഞാത അസാധാരണ പ്രതിഭാസങ്ങൾ എന്ന് നാസ പുനർനാമകരണം ചെയ്തിരുന്നു.

Eng­lish Summary:No evi­dence for extrater­res­tri­al life: NASA report released
You may also like this video

Exit mobile version