യു പ്രതിഭ എം എല്‍ എയുടെ മകന്‍ കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ കനിവ് കഞ്ചാവ് കേസില്‍ നിന്ന് ഒഴിവാകും. ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ എസ് അശോക് കുമാര്‍ സംസ്ഥാന എക്സൈസ് കമീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിലും വീഴ്ചസംഭവിച്ചുണ്ട്. എംഎല്‍യുടെ മകന്‍ അടക്കമുള്ളവരെ വൈദ്യപരിശോധനക്ക് കൊണ്ടുപോയില്ല. കഴിഞ്ഞ ഡിസംബര്‍ 28ന് കുട്ടനാട് എക്‌സൈസ് സംഘമാണ് കനിവിനെയും എട്ട് സുഹൃത്തുക്കളെയും തകഴിയില്‍ നിന്ന് മൂന്ന് ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കേസെടുത്ത അന്വേഷണ ഉദ്യോസ്ഥന്റെയും ഇവരെ പിടികൂടിയ ഉദ്യോസ്ഥരുടെ ഉള്‍പ്പടെ മൊഴിരേഖപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കനിവ് കഞ്ചാവ് ഉപയോഗിച്ചത് കണ്ടതായി പരിശോധന നടത്തിയ ഉദ്യോസ്ഥരാരും മൊഴി നല്‍കിയിട്ടില്ല.
കൂടാതെ കഞ്ചാവ് ഉപയോഗിച്ചുവെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പരിശോധനകളും നടത്തിയില്ല. ഇവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ട മറ്റ് സാക്ഷികളുമുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ കണ്ടെത്തിയ ഈ വസ്തുതകള്‍ വിശദീകരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഉദ്യോസ്ഥരുടെ ഭാഗത്ത് മനപൂര്‍വമല്ലാത്ത വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നാണ് അറിയുന്നത്. അതിനാല്‍ കേസെടുത്ത ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നാണ് എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഒമ്പതുപേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ രണ്ടുപേരുടെ കൈയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഈ രണ്ടു പേരില്‍ കേസ് നിലനില്‍ക്കും. മറ്റ് ഏഴുപേരും കേസില്‍ നിന്ന് ഒഴിവാകും.

