Site iconSite icon Janayugom Online

ബിനീഷിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല; രൂക്ഷ വിമര്‍ശമുയര്‍ത്തി കര്‍ണാടക ഹൈക്കോടതി

ബിനീഷ്‌ കോടിയേരിക്കെതിരായ കേസിൽ ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ ഏജൻസിക്കായില്ലെന്ന്‌ കർണാടക ഹൈക്കോടതി. ബിനീഷിന്‌ ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ബിനീഷിനെതിരെ ഇഡി ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളുന്നതാണ്‌ ഉത്തരവിലെ പരാമർശങ്ങൾ. മയക്കുമരുന്ന്‌ കടത്തിന്‌ സാമ്പത്തികസഹായം നൽകി എന്നായിരുന്നു പ്രധാന ആരോപണം. അങ്ങനെയാണെങ്കിൽ ബിനീഷ്‌ മയക്കുമരുന്ന്‌ കേസിൽ പ്രതിയല്ലല്ലോയെന്ന്‌ കോടതി ചോദിച്ചു.

ലഹരിക്കടത്ത്‌ കേസിൽ അറസ്‌റ്റിലായ അനൂപ്‌ മുഹമ്മദിന്‌ ബിനീഷ്‌ പണം കൈമാറിയത്‌ ബാങ്ക്‌ വഴിയാണ്‌. ഇത്‌ ഹോട്ടലിന്റെ വാടക, ജീവനക്കാരുടെ ശമ്പളം എന്നീ ഇനങ്ങളിലാണ്‌. അനൂപ്‌ ഈ പണം മടക്കി നൽകിയെന്ന്‌ സ്ഥാപിക്കാൻ ഇഡിക്ക്‌ കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. മയക്കുമരുന്ന്‌ ബിസിനസ്‌ നടത്തിയെങ്കിൽ ബിനീഷിന്‌ അതിൽനിന്ന്‌ ലഭിച്ച ലാഭം എവിടെയെന്ന്‌ കോടതി ആരാഞ്ഞു. ബിനീഷ്‌ മയക്കുമരുന്ന്‌ ഉപയോഗിച്ചോയെന്ന്‌ കണ്ടെത്താൻ നടത്തിയ ശാസ്‌ത്രീയ പരിശോധനയിൽ ഉപയോഗിച്ചില്ലെന്ന്‌ തെളിഞ്ഞു. മയക്കുമരുന്ന്‌ കേസുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിൽ പങ്കാളിയല്ലാത്ത ആൾ എങ്ങനെ അതുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽമാത്രം പ്രതിയാകുമെന്ന്‌ കോടതി ചോദിച്ചു.

ഇഡിയുടെ കുറ്റപത്രത്തിൽ ബിനീഷിന്‌ ജാമ്യം നൽകാതിരിക്കാൻ തക്ക വിധത്തിലുള്ള തെളിവില്ല. സംശയം വച്ചുമാത്രം ഒരാളെ കുറ്റവാളിയാക്കാൻ കഴിയില്ലെന്നും ജസ്‌റ്റിസ്‌ ഉമ ജാമ്യ ഉത്തരവിൽ വ്യക്തമാക്കി. 2020 ഒക്‌ടോബറിൽ ചോദ്യം ചെയ്യാനെന്ന പേരിൽ ബംഗളൂരുവിൽ വിളിച്ചുവരുത്തിയാണ്‌ ബിനീഷിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഒരുവർഷം പൂർത്തിയായ ശേഷമാണ്‌ ജാമ്യം ലഭിച്ചത്‌. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ മൊഴി നൽകിയാൽ പത്ത്‌ ദിവസത്തിനകം വിട്ടയക്കാമെന്ന്‌ ഇഡി വാഗ്‌ദാനം നൽകിയെങ്കിലും ബിനീഷ്‌ വഴങ്ങിയില്ല.

eng­lish summary:No evi­dence was pro­duced against Bineesh; Kar­nata­ka High Court

you may also like this video;

Exit mobile version