Site iconSite icon Janayugom Online

ഹാര്‍ദിക് പാണ്ഡ്യയില്ല, എല്‍ ക്ലാസിക്കോയില്‍; മുംബൈയെ സൂര്യകുമാര്‍ നയിക്കും

ഐപിഎല്‍ 18-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സൂര്യകുമാര്‍ യാദവ് നയിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഒരു മത്സര വിലക്കിനെ തുടര്‍ന്നാണ് ആദ്യ മത്സരത്തില്‍ നിലവിലെ ക്യാപ്റ്റനായ ഹാര്‍ദിക് പുറത്താകാന്‍ കാരണം. അടുത്ത സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആരായിരിക്കുമെന്ന് മുംബൈ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ക്യാപ്റ്റനായി അനുഭവസമ്പത്തുള്ള രോഹിത് താൽക്കാലികമായെങ്കിലും ടീമിന്റെ നായകനാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാല്‍ ഹാർദിക് പാണ്ഡ്യ സൂര്യകുമാർ യാദവിന്റെ പേരാണ് മുന്നോട്ടുവച്ചത്. ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനാണ് 34 വയസുകാരനായ സൂര്യകുമാർ യാദവ്. ഇന്ത്യയെ 22 മത്സരങ്ങളിൽ നയിച്ചിട്ടുള്ള സൂര്യകുമാർ യാദവ് 17 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 

2024 ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഐപിഎല്‍ അച്ചടക്ക സമിതി ഹാര്‍ദിക്കിന് 30 ലക്ഷം രൂപ പിഴ ചുമത്തുകയും ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും ചെയ്തത്. കഴിഞ്ഞ സീസണ്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തില്‍ ടീം ഉടച്ചുവാര്‍ത്ത് എത്തുന്നതിനാല്‍ പുതിയ പ്രതീക്ഷകളോടെയാണ് ഗ്രൗണ്ടിലിറങ്ങുന്നതെന്നും ഹാര്‍ദിക് പറഞ്ഞു. രോഹിത് ശർമ്മയ്ക്ക് പകരമായി കഴിഞ്ഞ സീസണിലാണ് ഹാർദിക് പാണ്ഡ്യ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. അഞ്ച് കിരീടങ്ങൾ മുംബൈയ്ക്ക് സമ്മാനിച്ച രോഹിത് ശർമ്മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ ഹാർദിക് പാണ്ഡ്യ കടുത്ത ആരാധകരോഷത്തിന് ഇരയായി. സീസണിൽ 14 മത്സരങ്ങളിൽ 10ൽ മാത്രമാണ് ഹാർദിക് പാണ്ഡ്യ നയിച്ച മുംബൈ ഇന്ത്യൻസിന് വിജയിക്കാനായത്. മൂന്ന് മത്സരങ്ങളിൽ കൃത്യസമയത്ത് പന്തെറിഞ്ഞ് തീർക്കാൻ കഴിയാതിരുന്നതോടെ മുംബൈ നായകൻ ഹാർദിക് ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരിടുകയായിരുന്നു. ഈ മാസം 23ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ്-മുംബൈ ഇന്ത്യൻസ് പോരാട്ടം. 

Exit mobile version