നെഴ്സിംഗ് കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവ നേഴ്സിങ് കോളേജ് വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു. വിവിധ ജില്ലകളിൽ നിന്നായി 120 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. പത്തനംതിട്ട കോളേജ് ജംഗ്ഷനിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ട് നിലകളിലായി ഏതാനും കടമുറികൾ വാടകക്കെടുത്താണ് നേഴ്സിങ് കോളേജ് പ്രവർത്തിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഹോസ്റ്റൽ സൗകര്യമില്ല, കോളേജ് ബസ്സില്ല, ലാബില്ല, ആശുപത്രി ട്രെയിനിങ്ങില്ല തുടങ്ങി നിരവധി പരാതികളാണ് വിദ്യാർത്ഥികൾക്കുള്ളത്. കഴിഞ്ഞ വർഷവും ഇതേ ആവശ്യങ്ങൾ ഉയർത്തി വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നു.
അടിസ്ഥാന സൗകര്യങ്ങളില്ല; ഗവ. നെഴ്സിംഗ് വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു

