Site iconSite icon Janayugom Online

അധിനിവേശത്തിനില്ല; അയൽരാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ അയൽരാജ്യങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ക്ഷമ ചോദിച്ചു. മറ്റു രാജ്യങ്ങളെ ആക്രമിക്കാൻ ഇറാന് ഉദ്ദേശ്യമില്ലെന്നും പ്രാദേശികമായ സംഘർഷങ്ങൾ ഒഴിവാക്കാൻ അയൽരാജ്യങ്ങൾക്കെതിരെയുള്ള മിസൈൽ ആക്രമണങ്ങൾ നിർത്തിവെക്കാൻ നേതൃത്വ കൗൺസിൽ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇറാന് നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കാനുള്ള അവകാശം നിലനിർത്തുമെന്നും ടെലിവിഷൻ പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ കൂടുതൽ ശക്തമായി തുടരുകയാണ്.

യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ഇറാന് മേൽ സമ്മർദ്ദം ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ നിരുപാധിക കീഴടങ്ങലിന് തയ്യാറാകണമെന്നും അതില്ലാതെ യാതൊരു ഒത്തുതീർപ്പിനുമില്ലെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. പുതിയ നേതൃത്വം അധികാരത്തിൽ വന്നാൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ സഹായിക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തു. എന്നാൽ ട്രംപിന്റെ ഈ ആവശ്യം തള്ളിക്കളഞ്ഞ പെസെഷ്കിയാൻ, നിരുപാധിക കീഴടങ്ങൽ എന്നത് അമേരിക്കയുടെ വെറും സ്വപ്നം മാത്രമാണെന്ന് തിരിച്ചടിച്ചു.

യുദ്ധം ഇറാൻ അതിർത്തികൾ കടന്ന് ലബനനിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയപ്പോൾ, തിരിച്ചടിയായി ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾക്കും മെഹ്റാബാദ് വിമാനത്താവളത്തിനും നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തി. ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ 123 പേർ കൊല്ലപ്പെടുകയും മൂന്ന് ലക്ഷത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു. ഇറാനിൽ ഇതുവരെ 1,332 സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി അറിയിച്ചത്. യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ഓഹരി വിപണികൾ ഇടിയുകയും ചെയ്തിട്ടുണ്ട്.

Exit mobile version