Site iconSite icon Janayugom Online

ഐടി പാര്‍ക്ക് നീക്കമില്ല; 2000 ഏക്കര്‍ ഇക്കോ പാര്‍ക്കുമായി തെലങ്കാന സര്‍ക്കാര്‍

ഹൈദരബാദിലെ കാഞ്ച ഗച്ചിബൗളിലെ 400 ഏക്കര്‍ ഭൂമി ലേലം ചെയ്യാനുള്ള പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെ 2000 ഏക്കര്‍ വിസ്തൃതിയുള്ള ഭൂമി ഇക്കോ പാര്‍ക്കാക്കി മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അതേസമയം സര്‍വകലാശാല മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കും. ഇത് മറ്റൊരു തരത്തില്‍ ഭൂമി വില്പനചരക്കാക്കാനുള്ള നീക്കമാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നു.
400 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കാഞ്ച ഗച്ചിബൗളി ഭൂമിയിലെ വനം വെട്ടിത്തെളിച്ച് ഐടി പാര്‍ക്ക് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിഷേധത്തിലായിരുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണെങ്കിലും സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തെലങ്കാന ഹൈക്കോടതിയും മരം മുറിക്കല്‍ ഏപ്രില്‍ മൂന്ന് വരെ സ്റ്റേ ചെയ്തിരുന്നു. 

സുപ്രീം കോടതിയിലെ തിരിച്ചടിക്ക് പിന്നാലെയാണ് പ്രദേശത്തെ ലോകത്തിലെ ഏറ്റവും വലിയ ഇക്കോ പാര്‍ക്കുകളില്‍ ഒന്നായി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ എത്തിയത്. 100 ഏക്കര്‍ സ്ഥലം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയ്ക്ക് മറ്റൊരിടത്ത് നല്‍കും. പുതിയ കാമ്പസ് നിര്‍മ്മിക്കാന്‍ 1000 കോടിയുടെ നിക്ഷേപം നടത്തുമെന്നും തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. മണ്ണിന്റെ തരങ്ങളും ജൈവവൈവിധ്യവും പഠിക്കുക, വന്യജീവി സംരക്ഷണ മേഖലകള്‍ സ്ഥാപിക്കുക, വൈവിധ്യമാര്‍ന്ന വൃക്ഷ ഇനങ്ങള്‍ നടുക, നടപ്പാതകള്‍, സൈക്ലിങ് ട്രാക്കുകള്‍, പരിസ്ഥിതി സൗഹൃദ സന്ദര്‍ശക ഇടങ്ങള്‍ സ്ഥാപിക്കുക തുടങ്ങി നിരവധി പദ്ധതികളോടെയാണ് ഇക്കോ പാര്‍ക്ക് രൂപകല്പന ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം നിലവിലുള്ള വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സംസ്ഥാന സർക്കാരിന്റെ പുതിയ പ്രഖ്യാപനമെന്നും ഇതിനെ എതിര്‍ക്കുമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. 

Exit mobile version