Site iconSite icon Janayugom Online

മെസിയും റൊണാള്‍ഡോയുമില്ല; ബാലണ്‍ ഡി ഓര്‍ പുരസ്കാര പട്ടിക പുറത്തുവിട്ടു

2025 ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിനുള്ള 30 അംഗ പട്ടി­ക പുറത്തുവിട്ടു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം­പി­ടിച്ചില്ല. ഫ്രഞ്ച് താരം ഒസ്മാന്‍ ഡെം­ബലെ, റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര താരം ലാമിന്‍ യമാല്‍, റയലിന്റെ ബ്ര­സീല്‍ താരം വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ പട്ടികയിലുണ്ട്. ചരിത്രത്തിലാദ്യമായി പിഎസ്ജിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഡെംബലെയ്ക്ക് സാധ്യത നല്‍കുന്നു. കഴിഞ്ഞ സീസണില്‍ 35 ഗോളുകളും 16 അസിസ്റ്റും ഡെംബലെയുടെ അക്കൗണ്ടിലുണ്ട്. ഡെംബലെയെ കൂടാതെ അഷ്‌റഫ് ഹക്കീമി, ഗോള്‍ കീപ്പര്‍ ഡൊണ്ണാരുമ അടക്കമുള്ള പിഎസ്ജി താരങ്ങളും പട്ടികയിലുണ്ട്. 

ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സല പട്ടികയിലുണ്ട്. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നേടുന്നതില്‍ സല നിര്‍ണായക പങ്കുവഹിച്ചു. ബയേണ്‍ മ്യൂണിക്കിന്റെ ഹാരി കെയ്നും മൈക്കല്‍ ഒലീസെയും 30 അംഗ പട്ടികയിലുള്‍പ്പെട്ടു. റയലിന്റെ ജൂ‍ഡ് ബെല്ലിങ്ഹാം, മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാളണ്ട് എന്നിവരും പ്രാഥമിക പട്ടികയിലെ സൂപ്പർ സാന്നിധ്യങ്ങളാണ്. നിലവിലെ ജേതാവ് റോഡ്രി ഉള്‍പ്പെടെ മുന്‍ വിജയികള്‍ ആരും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ ഈ പുരസ്കാരം നേടിയിട്ടില്ലാത്ത പുതിയ വിജയി ഇത്തവണ ഉണ്ടാവുമെന്ന് ഇതോടെ ഉറപ്പായി. ബാഴ്സലോണയുടെ 17കാരന്‍ ലാമിന്‍ യമാലിന്റെ പ്രകടനം ഫുട്ബോള്‍ ലോകത്ത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയത്.
അതേസമയം ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. എട്ട് തവണയാണ് താരം ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണയും ഇരുവരും പുരസ്കാര പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.

Exit mobile version