Site iconSite icon Janayugom Online

മിനിമം ബാലൻസില്ല; ബാങ്കുകൾ ഊറ്റിയത് 21,000 കോടി, അധിക എടിഎം ഉപയോഗത്തിന് പിടിച്ചത്‌ 8000 കോടി

ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ രാജ്യത്തെ ബാങ്കുകൾ പാവപ്പെട്ട ഉപയോക്താക്കളിൽനിന്ന് ഊറ്റിയത് 21,000 കോടി രൂപ. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗ്‌വത് കരാട് രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
അധിക എടിഎം വിനിമയത്തിന്റെയും എസ്എംഎസ് സർവീസ് ചാർജ് ഇനത്തിലും മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിലും അടക്കം രാജ്യത്തെ ബാങ്കുകൾ ഉപയോക്താക്കളിൽനിന്ന് മൊത്തം 35,000 കോടി രൂപ പിരിച്ചെടുത്തതായും കേന്ദ്രമന്ത്രി അറിയിച്ചു. 2018 മുതൽ പൊതുമേഖലാ ബാങ്കുകളും അഞ്ച് പ്രധാന സ്വകാര്യ ബാങ്കുകളുമാണ് പിഴയിനത്തിൽ ഇത്രയും തുക ഈടാക്കിയതെന്ന് മറുപടിയിൽ പറയുന്നു. 

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളായ ആക്‌സിസ്, എച്ച്ഡിഎഫ്‌സി, ഇൻഡസ് ഇന്ത്യ, ഐസിഐസിഐ, ഐഡിബിഐ എന്നിവയുമാണ് 21,000 കോടി ഈടാക്കിയത്. അധിക എടിഎം ഉപയോഗത്തിന് 8000 കോടി രൂപയും എസ്എംഎസ് ഇനത്തിൽ 6000 കോടി രൂപയും പിടിച്ചതായി കേന്ദ്രമന്ത്രി സഭയെ അറിയിച്ചു.

ഉപഭോക്താവ് എല്ലാ മാസവും അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് മിനിമം ബാലൻസ് മെട്രോകളിൽ 3000 മുതൽ 10000 രൂപ വരെയാണ് വിവിധ ബാങ്കുകളുടെ മിനിമം ബാലൻസ് പരിധി. ഇതിൽ കുറവാണെങ്കിൽ നിശ്ചിത തുക ബാങ്ക് ഈടാക്കും. നഗരമേഖലകളിൽ ഇത് 2000 മുതൽ 5000 വരെയും ഗ്രാമീണ മേഖലയിൽ 500 മുതൽ 1000 വരെയുമാണ് പരിധി. എടിഎമ്മുകളിലൂടെ അടക്കമുള്ള പണം പിൻവലിക്കലുകൾ, ഇത്തരം അക്കൗണ്ടുകളിൽ മാസത്തിൽ നാല് എന്ന നിലയിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: No min­i­mum bal­ance; 21,000 crores with­drawn by banks, 8,000 crores retained for addi­tion­al ATM usage

You may also like this video

Exit mobile version