കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതിരുന്നതിന് 12 പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴയീടാക്കിയത് 8000 കോടി രൂപ. ഇതില്‍ ഏറ്റവും കൂടുതല്‍ പിഴയീടാക്കിയത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. ആകെ തുകയുടെ 20% വരുന്ന 1500 കോടി രൂപയും പിഎന്‍ബിയാണ് പിഴയീടാക്കിയത്. ബാങ്ക് ഓഫ് ബറോഡ (16%), ഇന്ത്യന്‍ ബാങ്ക് (14%) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെന്നും ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു.
ബാങ്കുകളുടെ ബോര്‍ഡ് നിശ്ചയിച്ച നയങ്ങള്‍ക്കും ആര്‍ബിഐ മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. സുതാര്യവും നീതിയുക്തവുമായി സേവനങ്ങള്‍ നല്‍കുന്നതിന്റെ നിരക്കുകള്‍ അനുസരിച്ചാണ് പിഴ നിശ്ചയിച്ചിരിക്കുന്നതെന്നും ബാങ്കുകള്‍ വ്യക്തമാക്കുന്നു. മാനദണ്ഡങ്ങളും വിവിധ പരിഗണനകളും അനുസരിച്ച് യുക്തിസഹമായ ഇളവുകളും പിഴയും ഇളവ് ചെയ്തിട്ടുണ്ടെന്നും ബാങ്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ള ബാങ്കുകള്‍ എസ്എംഎസ് സൗകര്യങ്ങള്‍ക്കായി ഏകദേശം 3388 കോടി ചെലവഴിച്ചുവെന്നാണ് കണക്ക്. 2020 മുതല്‍ എസ്ബിഐ എസ്എംഎസ് നിരക്ക് ഒഴിവാക്കിയിരുന്നു. 11 പൊതുമേഖലാ ബാങ്കുകളില്‍ എസ്എംഎസ് നിരക്കിന്റെ പേരില്‍ 35% വരുന്ന 1100 കോടി രൂപയും ഈടാക്കിയത് യൂണിയന്‍ ബാങ്കാണ്. കാനറാ ബാങ്ക് (15%), പഞ്ചാബ് നാഷണല്‍ ബാങ്ക് (10%) എന്നിവയാണ് തൊട്ടുപിന്നില്‍.
മിനിമം ബാലന്‍സില്ല; ബാങ്കുകള്‍ പിഴയീടാക്കിയത് 8000 കോടി

