Site icon Janayugom Online

സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം, നിര്‍മ്മാണം പാടില്ല

സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമായി സംരക്ഷിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായ്, അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ സ്ഥിരമായ നിര്‍മ്മാണങ്ങള്‍ പാടില്ല. ദേശീയ വന്യമൃഗ സംരക്ഷണകേന്ദ്രം, ദേശീയ പാര്‍ക്കുകള്‍ എന്നിവയോട് ചേര്‍ന്ന പരിസ്ഥിതി ലോല മേഖല (ഇഎസ്‌സെഡ്) യില്‍ ഖനനം അനുവദിക്കാനോ അനുമതി നല്‍കാനോ പാടില്ല.

നിലവിലെ ഇഎസ്‌സെഡ് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പരിധിക്ക് അപ്പുറം വേണമെന്ന് നിബന്ധനകള്‍ നിഷ്‌കര്‍ഷിക്കുന്നെങ്കില്‍ അതിന് ആനുപാതികമായി സംരക്ഷിത അതിര്‍ത്തികളുടെ ദൈര്‍ഘ്യം വ്യാപിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ടി എന്‍ ഗോവിന്ദന്‍ തിരുമുല്‍പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

നിലവില്‍ ഇഎസ്‌സെഡില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വര്‍വേറ്ററുടെ അനുമതി ലഭിച്ച ശേഷം മാത്രമേ വീണ്ടും തുടരാവൂ എന്നും സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ച് വ്യക്തമാക്കി.

നിലവില്‍ ഇഎസ്‌സെഡ് സോണിലെ നിര്‍മ്മിതികള്‍ സംബന്ധിച്ച പട്ടിക ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ തയ്യാറാക്കി മൂന്നു മാസത്തിനുള്ളില്‍ കോടതിക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Eng­lish sum­ma­ry; No min­ing or con­struc­tion is allowed with­in one kilo­me­ter of the pro­tect­ed for­est area

You may also like this video;

Exit mobile version