Site iconSite icon Janayugom Online

മൊബൈല്‍ വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ ആത്മഹ ത്യ ചെയ്ത കയറില്‍ പിതാവും ജീവനൊടുക്കി

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നൽകാത്തിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മകന്‍ ആത്മഹത്യ ചെയ്ത അതേ കയറില്‍ അച്ഛനും ജീവനൊടുക്കുകയായിരുന്നു. മഹാരാഷ്ട്ര നന്ദേഡിലെ മിനാകി ഗ്രാമത്തിലാണ് സംഭവം. ഓംകാര്‍ എന്ന പത്താംക്ലാസ് വിദ്യാര്‍ഥിയെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു ഓംകാര്‍. മകരസംക്രാന്തി അവധിക്കാണ് കുട്ടി വീട്ടിലെത്തിയത്.

പഠനാവശ്യത്തിനായി തനിക്ക് സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് ഓംകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പിതാവിന് മൊബൈല്‍ വാങ്ങി നല്‍കാനായില്ല. കൃഷിക്കായി എടുത്ത വായ്പ തന്നെ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ ഫോണ്‍ വാങ്ങാന്‍ നിര്‍വാഹമില്ലെന്നും പിതാവ് കുട്ടിയോട് പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഇതിനിടെ ബുധനാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ഓംകാര്‍ തിരികെയെത്തിയില്ല. തുടര്‍ന്ന് പിതാവ് നടത്തിയ തിരച്ചിലിൽ കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. മകന്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് പിതാവ് കുട്ടിയുടെ മൃതദേഹം അഴിച്ചെടുത്ത് താഴെ കിടത്തിയ ശേഷം, മകന്‍ ആത്മഹത്യ ചെയ്ത അതേ കയറില്‍ തൂങ്ങിമരിക്കുകയായിരുന്നു. മറ്റ് കുടുംബാഗങ്ങളാണ് കൃഷിയിടത്തില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version