ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നായ അര്‍ജിത് സിംഗ് പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഈ അപ്രതീക്ഷിത വാർത്ത പുറത്തുവിട്ടത്. തന്റെ സംഗീത യാത്ര അത്ഭുതകരമായിരുന്നു എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇനിമുതൽ ഒരു പിന്നണി ഗായകൻ എന്ന നിലയിൽ പുതിയ പ്രോജക്റ്റുകൾ ഏറ്റെടുക്കില്ലെന്നും താൻ ഈ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണെന്നും വ്യക്തമാക്കി. എന്നാൽ വിരമിക്കാനുള്ള കൃത്യമായ കാരണം താരം വെളിപ്പെടുത്തിയിട്ടില്ല.
അര്‍ജിത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം താരത്തിന്റെ പോസ്റ്റിന് താഴെ ലക്ഷക്കണക്കിന് ആരാധകർ തങ്ങളുടെ സങ്കടവും സ്നേഹവും പങ്കുവെച്ചു. മനസ്സ് നിറയെ സങ്കടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും, അദ്ദേഹം എന്നും ഒരു ഇതിഹാസമായിരിക്കുമെന്നും ഒരു ആരാധകൻ കുറിച്ചു. ബോളിവുഡിലെ മെലഡി രാജാവായി അറിയപ്പെടുന്ന അര്‍ജിത് സിംഗിന്റെ ഈ പിന്മാറ്റം ഇന്ത്യൻ സിനിമാ സംഗീതത്തിന് വലിയൊരു നഷ്ടമാണ്.

