രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇക്വിറ്റി കമ്മിറ്റികൾ രൂപീകരിക്കാൻ സർവകലാശാലകൾക്കും കോളജുകൾക്കും യുജിസിയുടെ നിർദേശം. പുതുതായി വിജ്ഞാപനം ചെയ്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യത പ്രോത്സാഹിപ്പിക്കൽ ചട്ടങ്ങൾ 2026 പ്രകാരമാണ് നടപടി. മതം, വംശം, ജാതി, ലിംഗഭേദം, ജനനസ്ഥലം, വൈകല്യം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ പൂർണമായും ഇല്ലാതാക്കുകയാണ് യുജിസി ലക്ഷ്യമിടുന്നത്. രോഹിത് വെമുലയുടെയും പായൽ തദ്‌വിയുടെയും ആത്മഹത്യകളെത്തുടർന്ന് അവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ, കാമ്പസുകളിലെ വിവേചനം തടയാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരണമെന്ന് 2025 ജനുവരിയിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുജിസി ഇപ്പോൾ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. സുപ്രീം കോടതിയിൽ ഈ ഹർജിയിൽ ഇന്ന് വീണ്ടും വാദം നടക്കും.
ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും ഒരു ഇക്വിറ്റി സെന്ററും അതിന് കീഴിൽ ഇക്വിറ്റി കമ്മിറ്റിയും പ്രവർത്തിക്കണം. സ്ഥാപന മേധാവി അധ്യക്ഷനാകുന്ന ഈ സമിതിയിൽ മുതിർന്ന അധ്യാപകർ, അനധ്യാപക ജീവനക്കാർ, വിദ്യാർത്ഥി പ്രതിനിധികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവർ ഉണ്ടായിരിക്കണം. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് യുജിസി പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. അംഗങ്ങളുടെ കാലാവധി രണ്ട് വർഷവും വിദ്യാർത്ഥി പ്രതിനിധികളുടേത് ഒരു വർഷവുമായിരിക്കും. വിവേചനവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്‌ലൈൻ നമ്പറും ഓൺലൈൻ സംവിധാനവും കാമ്പസുകളിൽ ഏർപ്പെടുത്തണം. ലഭിക്കുന്ന പരാതികൾ കമ്മിറ്റി കൃത്യമായി അന്വേഷിക്കുകയും കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ ശുപാർശ ചെയ്യുകയും വേണം. പരാതി നൽകുന്ന വിദ്യാർത്ഥികൾക്ക് നേരെ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്ഥാപന മേധാവിക്കായിരിക്കും. ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും യുജിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

