പാര്‍ലമെന്റിലെ അഭിസംബോധനാ രീതികള്‍ മാറുന്നു. സഭാ അധ്യക്ഷനെ അഭിസംബോധന ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന സര്‍ എന്ന പദം നീക്കം ചെയ്യും. ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പാര്‍ലമെന്ററി ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലെ അധ്യക്ഷ സംബോധന ലിംഗനിഷ്‌പക്ഷമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. എല്ലാ അഭിസംബോധനകളിലും സര്‍ എന്ന പദം ഉള്‍പ്പെടുത്തുന്നത് വനിതാ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണെന്നാണ് അവര്‍ കത്തില്‍ പറഞ്ഞിരുന്നത്.
ഇതിന് മറുപടിയായി അടുത്ത സമ്മേളനം മുതല്‍ സഭയിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളിലും ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് പ്രിയങ്കയെ അറിയിച്ചു. തുല്യതയില്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യന്‍ ഭരണഘടന. ഇതൊരു ചെറിയ മാറ്റമാണെന്ന് തോന്നാമെങ്കിലും പാര്‍ലമെന്ററി കാര്യങ്ങളില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതില്‍ ഇത് വഴിയൊരുക്കുമെന്നും പ്രിയങ്ക കത്തില്‍ പറഞ്ഞിരുന്നു.
English Summary:No more ‘Sir’ in Parliament
You may also like this video