Site iconSite icon Janayugom Online

സ്മാർട്ട്ഫോണുകളും ഹാഫ് പാന്റും ഇനി വേണ്ട; മാർഗനിർദേശങ്ങൾ പുറത്തിറക്കി ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഖാപ് പഞ്ചായത്ത്

സ്മാർട്ട്ഫോണുകളും ആൺകുട്ടികളും പെൺകുട്ടികളും ഹാഫ് പാന്റ് ധരിക്കുന്നതും നിരോധിച്ചുകൊണ്ട് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഖാപ് പഞ്ചായത്ത്. പാശ്ചാത്യ സ്വാധീനത്തെയും സാംസ്കാരിക മൂല്യങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് നടപടി. വിവാഹച്ചടങ്ങുകൾ നിയന്ത്രിക്കുന്നതിനും അതിഥികളുടെ പട്ടിക പരിമിതപ്പെടുത്തുന്നതിനും അമിതമായ ചെലവ് നിരോധിക്കുന്നതിനും ഈ മാർഗനിർദേശങ്ങൾ വ്യവസ്ഥ ചെയ്യുന്നു. പരമ്പരാഗത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അനുചിതമായ രീതികൾ നിരോധിക്കുക, സാമൂഹിക സൗഹാർദവും സാംസ്കാരിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് ഖാപ് പഞ്ചായത്തിന്റെ വിശദീകരണം.

സമൂഹത്തിന്റെ താൽപര്യത്തിനായി ഈ തീരുമാനം ഉത്തർപ്രദേശ് മുഴുവൻ നടപ്പാക്കുമെന്നും പ്രചാരണത്തിനായി മറ്റ് ഖാപ്പുകളുമായി ബന്ധപ്പെടുമെന്നും പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു. കൂടാതെ, രാജസ്ഥാനിലെ പഞ്ചായത്തിന്റെ തീരുമാനം അംഗീകരിക്കുകയും ചെയ്തു. “സമൂഹത്തിന്റെ തീരുമാനം പരമോന്നതമാണ്. രാജസ്ഥാനിൽ എടുത്ത തീരുമാനം പ്രശംസനീയമാണ്. ആൺകുട്ടികൾക്ക് സ്മാർട്ട്ഫോണുകളും ഹാഫ് പാന്റുകളും നിരോധിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. കുട്ടികൾ ശരിയായ വിദ്യാഭ്യാസവും സാമൂഹിക മാർഗ്ഗനിർദ്ദേശവും ലഭിക്കാൻ കുടുംബത്തോടും മുതിർന്നവരോടൊപ്പം ചെലവഴിക്കണം”, താമ്പാ ദേശ് ഖാപ് ചൗധരി ബ്രജ്പാൽ സിങ് പറഞ്ഞു.

Exit mobile version