Site iconSite icon Janayugom Online

16 വയസിന് താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയയില്ല; കൗമാരക്കാരെ നീക്കം ചെയ്യുമെന്ന് മെറ്റ

ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കൗമാരക്കാരെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് മെറ്റാ അറിയിച്ചു. കൗമാരക്കാരെ സോഷ്യൽ മീഡിയയിൽ നിന്ന് വിലക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായാണ് മെറ്റായുടെ ഈ നീക്കം. ഡിസംബർ 10 മുതൽ ഓസ്‌ട്രേലിയയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ നീക്കം ചെയ്യേണ്ടതായി വരും. നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കനത്ത പിഴ ഈടാക്കാനാണ് സർക്കാർ തീരുമാനം.

ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ കൗമാരക്കാരെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ തുടങ്ങുമെന്ന് മെറ്റാ അറിയിച്ചു. ഇന്ന് മുതൽ, 13–15 വയസ് പ്രായമുള്ള ഓസ്‌ട്രേലിയൻ ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം, ത്രെഡ്, ഫേസ്ബുക്ക് എന്നിവയിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടുമെന്ന് വിവരം അറിയിക്കുമെന്നും മെറ്റാ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഡിസംബർ 4 മുതൽ മെറ്റാ പുതിയ അണ്ടർ-16 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും നിലവിലുള്ള ആക്‌സസ് റദ്ദാക്കാനും തുടങ്ങും. ഡിസംബർ 10ഓടെ അറിയപ്പെടുന്ന എല്ലാ അണ്ടർ-16 അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നും, 16 വയസ് തികയുമ്പോൾ കൗമാരക്കാർക്ക് അവരുടെ അക്കൗണ്ടുകൾ പഴയപടി ആക്‌സസ് ചെയ്യാൻ കഴിയുമെന്നും മെറ്റാ വ്യക്തമാക്കി. അതേസമയം, സുരക്ഷിതമായ ഓൺലൈൻ അനുഭവം സൃഷ്ടിക്കുക എന്ന സർക്കാരിന്റെ തീരുമാനത്തിൽ പങ്കുചേരുമ്പോഴും, കൗമാരക്കാരെ അവരുടെ സുഹൃത്തുക്കളിൽ നിന്നും കമ്മ്യൂണിറ്റികളിൽ നിന്നും അകറ്റി നിർത്തുന്നത് പരിഹാരമല്ലെന്നും ഈ തീരുമാനം തിടുക്കത്തിലുള്ളതാണെന്നും സോഷ്യൽ മീഡിയ കമ്പനികൾ ആശങ്ക പങ്കുവെച്ചിരുന്നു.

Exit mobile version