Site iconSite icon Janayugom Online

കേന്ദ്രത്തെ പ്രകീര്‍ത്തിക്കുന്ന വാര്‍ത്തകളില്ല: കശ്മീരില്‍ പിഎസ്എ ചുമത്തി, മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നു

ShahShah

സര്‍ക്കാരിന്റെ ‘സദ്ഭരണ’ത്തെക്കുറിച്ച് പ്രകീര്‍ത്തിക്കുന്ന വാര്‍ത്തകളില്ലെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മുകശ്മീര്‍ പൊലീസാണ് ‘കശ്മീര്‍ വാല’ എന്ന വെബ് പോര്‍ട്ടലിലെ മാധ്യമപ്രവര്‍ത്തകന്‍ ഫഹദ് ഷായെ നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തത്. പൊതുസുരക്ഷാ നിയമപ്രകാരം ഷായെ തടങ്കലിൽ വച്ചതിനെ ന്യായീകരിക്കാൻ തയ്യാറാക്കിയ രേഖകളിലാണ് പോലീസ് ആരോപണം ഉന്നയിച്ചത്. മാർച്ച് 14നാണ് ഷായ്‌ക്കെതിരെ നിയമപ്രകാരം കേസെടുത്തത്.

“സംസ്ഥാനത്തിന്റെ സുരക്ഷയ്‌ക്കോ പൊതു ക്രമത്തിന്റെ പരിപാലനത്തിനോ“വേണ്ടിയാണ് വ്യക്തികളെ പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത്. രണ്ട് വർഷം വരെ വിചാരണ കൂടാതെ വ്യക്തികളെ കസ്റ്റഡിയിൽ വെക്കാൻ പൊതുസുരക്ഷാ നിയമം അധികാരികള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. അക്രമികളെയും തീവ്രവാദികളെയും മഹത്വവത്കരിക്കുകയും വിഘടനവാദത്തെയും അക്രമത്തെയും ന്യായീകരിക്കുകയും ചെയ്യുന്നവരെ പ്രശംസിക്കുകയാണ് ഷാ തന്റെ മാധ്യമത്തിലൂടെ ചെയ്യുന്നതെന്നാണ് പൊലീസിന്റെ വാദം. ‘കശ്മീർവാല’ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ മേധാവിയായ ഷാ രാജ്യത്തിന്റെ താൽപ്പര്യത്തിനും സുരക്ഷയ്ക്കും എതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ശ്രീനഗർ എസ്എസ്പി കേസില്‍ പറയുന്നു.

പത്രപ്രവർത്തനത്തിന്റെ മറവിൽ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരവാദികള്‍ക്കായി ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അവരുടെ ഘടകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ഷായുടെ പ്രധാന ലക്ഷ്യമെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് കേന്ദ്രത്തെ പുകഴ്ത്താത്തതിലുള്ള അമര്‍ഷത്തില്‍ പൊലീസ് ഉന്നയിക്കുന്നത്. ഷാ അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ അറിയാമെന്നും അവർ അവകാശപ്പെട്ടു. ഇത് പൊതു ക്രമം തടസ്സപ്പെടുത്തുന്നു. അതേസമയം ഈ ‘സംഭവങ്ങൾ’ എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ജമ്മു കശ്മീരിന്റെ സുരക്ഷയ്ക്ക് ഷാ ഭീഷണിയാകുമെന്ന് പൊലീസ് രേഖയിൽ അറസ്റ്റിനെ ന്യായീകരിക്കുകയും ചെയ്യുന്നു. തന്റെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാന്‍ ഷാ ആയുധമാക്കുന്നതായും പൊലീസ് ആരോപിക്കുന്നു. സമൂഹമാധ്യമത്തില്‍ ദേശവിരുദ്ധ ഉള്ളടക്കം പോസ്റ്റ് ചെയ്തെന്നാരോപിച്ച് ഫെബ്രുവരി നാലിനാണ് പുൽവാമ പൊലീസ് ആദ്യമായി ഷായെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു. പിന്നീട് 22 ദിവസത്തിന് ശേഷം ദേശീയ അന്വേഷണ ഏജൻസി കോടതിയാണ് ഷായ്ക്ക് ജാമ്യം അനുവദിച്ചത്.

ഫെബ്രുവരി 26 ന് ജാമ്യം ലഭിച്ച് മണിക്കൂറുകൾക്ക് ശേഷം, കലാപത്തിനുള്ള പ്രകോപനവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഷോപ്പിയാൻ പൊലീസ് അതേ ദിവസം ഷായെ വീണ്ടും അറസ്റ്റ് ചെയ്തു. മാർച്ച് അഞ്ചിന്, രണ്ടാമത്തെ കേസിൽ ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസിൽ ഉടൻ അറസ്റ്റിലായി. ഈ കേസിൽ, ഇന്ത്യൻ ശിക്ഷാനിയമം, കലാപം, കൊലപാതകശ്രമം, പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഷാക്കെതിരെ കേസെടുത്തിരിക്കുന്നത്. മാർച്ച് 11ന് ഇയാൾക്കെതിരെ യുഎപിഎയും ചുമത്തി. ഫെബ്രുവരി ആറിന് എഡിറ്റേഴ്‌സ് ഗിൽഡ് ഉൾപ്പെടെയുള്ള നിരവധി മാധ്യമ സംഘടനകള്‍ ഷായെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എഫ്‌ഐആറുകൾ, ഭീഷണിപ്പെടുത്തുന്ന ചോദ്യം ചെയ്യൽ, തെറ്റായി തടങ്കലിൽ വയ്ക്കൽ എന്നിവ മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എഡിറ്റേഴ്‌സ് ഗിൽഡ് കേന്ദ്രഭരണ പ്രദേശത്തെ അധികാരികളോട് ആവശ്യപ്പെട്ടു. ഷായെക്കൂടാതെ ജനുവരി 16 ന് കശ്മീർ വാലയിലെ മറ്റൊരു പത്രപ്രവർത്തകനായ സജാദ് ഗുലിനെയും പൊതു സുരക്ഷാ നിയമപ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളെ ജമ്മുകശ്മീര്‍ ഭരണകൂടം ന്യായീകരിക്കുകയാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അനധികൃതമായി അറസ്റ്റ് ചെയ്യപ്പെടുന്ന നിരവധി മാധ്യമപ്രവര്‍ത്തകരാണ് താഴ്‌വരയില്‍ ദിനംപ്രതിയുണ്ടായിക്കൊണ്ടിരിക്കു ന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: No news glo­ri­fy­ing Cen­ter: PSA charges in Kash­mir, arrests journalists

You may like this video also

Exit mobile version