Site iconSite icon Janayugom Online

തടയാന്‍ ആരും വന്നില്ല, അതേ വേദിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം അവതരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം വീണ്ടും വേദിയില്‍ അവതരിപ്പിച്ച് വിദ്യാര്‍ത്ഥികള്‍. കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മൈം വീണ്ടും അവതരിപ്പിച്ചത്. പൂര്‍ണമായും കലോത്സവ നിബന്ധനകള്‍ പാലിച്ചായിരുന്നു മൂകാഭിനയം. വെള്ളിയാഴ്ച മൈം തടസ്സപ്പെടുത്തിയ അധ്യാപകര്‍ ഇന്ന് സ്‌കൂളില്‍ എത്തിയില്ല. കഴിഞ്ഞ ദിവസം മാറ്റി വെച്ച കലോത്സവം ഇന്ന് നടത്തുകയായിരുന്നു.

ഒക്ടോബര്‍ 3 നായിരുന്നു കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കലോത്സവം ആരംഭിച്ചത്. വേദി ഒന്നില്‍ നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രമേയമാക്കിയ മൈം അധ്യാപകര്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. പലസ്തീന്‍ കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അടക്കം കുട്ടികള്‍ അവതരിപ്പിച്ചിരുന്നു. മൈം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അധ്യാപകര്‍ വേദിയിലെത്തി കര്‍ട്ടന്‍ ഇടാന്‍ ആവശ്യപ്പെട്ടത്.

പലസ്തീന്‍ ജനതയോട് എന്നും ഐക്യദാര്‍ഢ്യ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും, പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ഒപ്പമാണ് കേരളമെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും മൈം അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് വി. ശിവന്‍കുട്ടി അറിയിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും മൈം വേദിയിലെത്തിച്ചത്.

സംഭവത്തില്‍ ഡിഡിഇ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോട്ടിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അധ്യാപകരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഡിഇ നല്‍കിയതെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതാണ് കലോത്സവം നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നായിരുന്നു ഡിഡിഇയുടെ റിപ്പോര്‍ട്ട്.

Exit mobile version