രാജ്യത്തെ ജനങ്ങളോട് സംവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയ റേഡിയോ പരിപാടി മന്‍കി ബാതിന് ശ്രോതാക്കള്‍ കുറയുന്നു. രാജ്യത്തെ അഞ്ച് ശതമാനം ജനങ്ങള്‍ മാത്രമാണ് മന്‍കി ബാത് ശ്രവിക്കുന്നതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. എന്നാല്‍ പരിപാടിയുടെ 100-ാം അധ്യായത്തിന് തയ്യാറെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പരിപാടി വന്‍വിജയമാണെന്നും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ശ്രോതാക്കളെന്നും വരുത്തിത്തീര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണ്.
മീഡിയ ഇന്‍ ഇന്ത്യ എന്ന സംഘടന നടത്തിയ പഠന റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ അഞ്ച് ശതമാനം പേര്‍ മാത്രമാണ് സ്ഥിരമായുള്ള ശ്രോതാക്കള്‍. സാമുഹ്യ ശാസ്ത്രജ്ഞരായ സഞ്ജയ് കുമാര്‍, സുഹാസ് പാലിഷ്കര്‍, സന്ദീപ് ശാസ്ത്രി എന്നിവരാണ് പഠനം നടത്തിയത്. ഹിന്ദിയിലുള്ള പ്രക്ഷേപണം ആയതിനാല്‍ ദക്ഷിണേന്ത്യയിലാണ് ഏറ്റവും കുറവ് ശ്രോതാക്കള്‍. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലും ശ്രോതാക്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ല. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 62 ശതമാനം പേര്‍ മന്‍കി ബാത് പരിപാടി കേട്ടില്ല. ടെലിവിഷനും ഇന്റര്‍നെറ്റും മറ്റ് സൗകര്യങ്ങളുമുള്ള ജനങ്ങള്‍ പരിപാടി കേള്‍ക്കാറേയില്ല. പരിപാടിയില്‍ വീമ്പുപറച്ചില്‍ മാത്രമാണ് ഉള്ളതെന്നും ഒരിക്കല്‍ കേട്ടതോടെ മതിയായെന്നുമുള്ള ശ്രോതാവിന്റെ മറുപടിയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
100-ാം അധ്യായത്തിന്റെ പ്രചരണത്തിന് സാക്ഷ്യം വഹിക്കാന്‍ ഉപരാഷ്ട്രപതി ജഗ്‍ദീപ് ധന്‍ഖര്‍ അടക്കമുള്ള 100 വ്യക്തികളെയാണ് സര്‍ക്കാര്‍ ക്ഷണിച്ചത്. ചലച്ചിത്ര താരങ്ങളെക്കൊണ്ട് വ്യാപക പ്രചാരണവും നടത്തുന്നു. നൂറാം എപ്പിസോഡ് തത്സമയം സംപ്രേഷണം ചെയ്യാൻ രാജ്യത്തെ എല്ലാ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളോടും ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദേശം നല്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ കേള്‍ക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രക്ഷേപണം നടന്നതിന്റെ ‘തെളിവ്’ നല്കണമെന്നും ഏപ്രിൽ 24ന് പുറപ്പെടുവിച്ച നിര്‍ദേശത്തിലുണ്ട്.
പ്രക്ഷേപണം പൂർത്തിയായ ഉടൻ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ പ്രാരംഭ ഭാഗത്തിന്റെ 30 സെക്കന്റും അവസാന ഭാഗത്തിന്റെ 30 സെക്കന്റും അടങ്ങുന്ന ഒരു മിനിറ്റ് ഓഡിയോ ക്ലിപ്പ് അയയ്ക്കാനാണ് നിർദേശം. നൂറാം എപ്പിസോഡിന്റെ ‘ഒരു ഓർമ്മക്കുറിപ്പായി പ്രക്ഷേപണം കേൾക്കുന്ന സമൂഹത്തിന്റെ ഫോട്ടോ’ കൂടി അയയ്ക്കണമെന്നും കത്തിൽ പറയുന്നു.
You may also like this video