Site icon Janayugom Online

ഗാംഗുലിക്ക് പ്രത്യേക അവകാശങ്ങളില്ല: നിയമത്തിന് മുന്നില്‍ തുല്യനാണെന്ന് ഹൈക്കോടതി

സൗരവ് ഗാംഗുലിയും മറ്റുള്ളവരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും ആര്‍ക്കും പ്രത്യേക അവകാശങ്ങളില്ലെന്നും കല്‍ക്കട്ട ഹൈക്കോടതി. ബിസിസിഐ പ്ര­സിഡ‍ന്റായ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ഭൂമി പതിച്ചുനല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി.

വെസ്റ്റ് ബംഗാള്‍ ഹൗസിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷനാണ് (ഹിഡ്കോ) ഭൂമി അനുവദിച്ചുനല്‍കിയത്. ഇതില്‍ നടപടിക്രമങ്ങള്‍ അപ്പാടെ മറികടന്നുവെന്നാണ് ആരോപണം. ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍, ജസ്റ്റിസ് അരിജിത് ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭൂമി നല്‍കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഗാംഗുലി ക്രിക്കറ്റിലൂടെ രാജ്യത്തിന് നല്‍കിയ സംഭാവനകളെ മാനിക്കുന്നുവെന്നും എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവര്‍ക്കും തുല്യനാണെന്നും കോടതി വിലയിരുത്തി.

സംസ്ഥാന മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ അപേക്ഷയിലാണ് നടപടി സ്വീകരിച്ച് സ്ഥലം ലഭ്യമാക്കിയത്. ഇതിനായി അധികാരത്തിന്റെ ഇടനാഴികളിലുള്ള തന്റെ സ്വാധീനം ഗാംഗുലി ഉപയോഗപ്പെടുത്തി. ഭാവിയില്‍ വാണിജ്യാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലുള്ള അപേക്ഷയാണ് ഗാംഗുലി നല്‍കിയിട്ടുള്ളതെന്നും പാട്ടത്തുക 10.98 കോടിയില്‍ നിന്നും 5.27 കോടിയായി കുറച്ചതായും ഹര്‍ജി ആരോപിക്കുന്നു.

നടപടി വിവാദമായതോടെ സ്ഥ­ലം തിരികെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇക്കാരണത്താല്‍ അ­ലോട്ട്മെന്റ് നടപടി കോടതി റദ്ദാക്കി. അധികാര ദുര്‍വിനിയോഗം നടത്തി കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചതിന് സംസ്ഥാനത്തിനും ഹിഡ്കോയ്ക്കും 50,000 രൂപ വീതം പിഴ ചുമത്തി. നിയമം മറികടക്കാനുള്ള ശ്രമത്തിന്റെ പേരില്‍ 10,000 രൂപ ഗാംഗുലിക്കും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും പിഴ ചുമത്തിയിട്ടുണ്ട്.

You may also like this video:

Exit mobile version