Site iconSite icon Janayugom Online

വിലയില്ല: മധ്യപ്രദേശില്‍ ഉള്ളിക്ക് ചിതയൊരുക്കി കര്‍ഷകര്‍

വില കുത്തനെ ഇടിഞ്ഞതോടെ ചിതയൊരുക്കി ഉള്ളി കൂട്ടത്തോടെ കത്തിച്ച് കര്‍ഷകര്‍. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി ഉല്പാദക സംസ്ഥാനമായ മധ്യപ്രദേശിലാണ് വ്യസ്തസ്ത പ്രതിഷേധം സംഘടിപ്പിച്ചത്. വിപണിയില്‍ കിലോ ഗ്രാമിന് 1.10 രൂപയായി വിലയിടിഞ്ഞതോടെയാണ് കര്‍ഷകര്‍ ഈ കടുംകൈ ചെയ്തതത്. മാള്‍വ — നിമാര്‍ മേഖലയിലെ കര്‍ഷകരാണ് ഉള്ളിക്ക് ‘കൂട്ട സംസ്കാരം’ നടത്തിയത്. പത്ത് മുതല്‍ പന്ത്രണ്ട് രൂപ വരെ ഉല്പാദന ചെലവ് വരുന്ന കൃഷിക്ക് ആനുപാതികമായ വില ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വിലയിടിഞ്ഞിട്ടും ബിജെപി സര്‍ക്കാര്‍ ആശ്വാസ നടപടി സ്വീകരിക്കാന്‍ മുന്നോട്ട് വന്നില്ലെന്ന് കര്‍ഷകനായ ദേവി ലാല്‍ വിശ്വകര്‍മ്മ പറഞ്ഞു. ഉളളി ഞങ്ങളുടെ കുട്ടികളെപ്പോലെയാണ്. എന്നാല്‍ വിപണി ഇടപെടല്‍ നടത്താനോ, മിനിമം താങ്ങുവില പ്രഖ്യാപിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ആചാരപരമായി ഉള്ളി ദഹിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉള്ളി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ 25% നികുതിയാണ് വിലയിടിവിന് പ്രധാന കാരണം. കയറ്റുമതി നിലച്ചത്തോടെ സ്റ്റോക്ക് കൂന്നുകൂടുയും വില ഇടിയുകയും ചെയ്തതായി ദേവിലാല്‍ ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് അഭ്യര്‍ത്ഥന നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി തീരുവ കുറച്ചിട്ടില്ല. നമ്മള്‍ പണം നഷ്ടപ്പെടുത്തുക മാത്രമല്ല ഭാവിയും നഷ്ടപ്പെടുത്തുകയാണെന്ന് പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്ന ബദ്രിലാല്‍ ധാക്കഡ് പറഞ്ഞു. കര്‍ഷക പ്രതിഷേധങ്ങളുടെ നീണ്ട ചരിത്രമുള്ള മന്ദ്സൗറിലെ കര്‍ഷകര്‍ ശവസംസ്കാര ഘോഷയാത്ര നടത്തിയാണ് ഉള്ളിയോട് വിടപറഞ്ഞത്. പ്രതിഷേധം ഒരു തുടക്കം മാത്രമാണെന്നും താങ്ങുവില പ്രഖ്യാപിക്കാത്തപക്ഷം സമരം രൂക്ഷമാക്കുമെന്നും കര്‍ഷക സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Exit mobile version