Site iconSite icon Janayugom Online

ഗുണനിലവാരമില്ല; മരുന്ന് തിരിച്ചുവിളിച്ച് അബോട്ട് ഇന്ത്യ

medicinemedicine

ഗ്യാസ്ട്രബിളിനുളള ഡൈജീന്‍ ജെല്‍ തിരിച്ചുവിളിച്ച് അബോട്ട് ഇന്ത്യ ഫാര്‍മ. മരുന്നില്‍ നിന്ന് രൂക്ഷ ഗന്ധവും കയ്പും അനുഭവപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉല്പന്നം സുരക്ഷിതമല്ലാത്തതിനാല്‍ ജനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മരുന്ന് ഉപയോഗിക്കരുതെന്നും ഡിസിജിഐ ആവശ്യപ്പെട്ടു. 

ഗോവയിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ച മരുന്നിന്റെ ബാച്ചിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്. മരുന്ന് വില്പനക്കാരും മൊത്തക്കച്ചവടക്കാരും ഉല്പന്നം വില്‍ക്കുന്നത് അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു. രുചിയിലും മണത്തിലും ഉപഭോക്താക്കളുടെ പരാതി കാരണം ഗോവയില്‍ നിര്‍മ്മിച്ച ഡൈജീന്‍ ജെല്‍ സ്വമേധയാ തിരിച്ച് വിളിക്കുന്നതായി കമ്പനിയും വ്യക്തമാക്കി. 

ഇതുവരെ മരുന്ന് കഴിച്ച രോഗികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗുളിക രൂപത്തിലുള്ള ഡൈജീന്‍ ഉല്പന്നത്തിന് ഇതുവരെ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള ചുമമരുന്ന് കഴിച്ച് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ കുട്ടികള്‍ മരിച്ച സംഭവം അടുത്തിടെ വിവാദമായിരുന്നു. ഇവിടെ നിന്നുള്ള ചുമമരുന്ന് പല ആഫ്രിക്കന്‍ രാജ്യങ്ങളും ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. 

Eng­lish Sum­ma­ry: No qual­i­ty; Abbott India recalls the drug

You may also like this video

Exit mobile version