രാജ്യത്ത് ജനറിക് മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് കാര്യമായ സംവിധാനമില്ലാത്തത് അവയുടെ ഉപയോഗത്തിന് തിരിച്ചടിയാകുന്നു. ഡോക്ടർമാർ ജനറിക് മരുന്നുകളെ തള്ളി, അവർക്ക് വിശ്വാസമുള്ള ബ്രാൻഡഡ് മരുന്നുകൾ നിർദേശിക്കുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുകയും ചെയ്യുന്നു.
ഡോക്ടർമാർ ജനറിക് മരുന്നുകൾ കുറിക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഉത്തരവിട്ടിരുന്നു. എന്നാൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫെഡറേഷൻ ഓഫ് റസിഡന്റ് മെഡിക്കൽ അസോസിയേഷനും ഉത്തരവിനെതിരെ വിലക്ക് സമ്പാദിച്ചു. ജനറിക് മരുന്നുകൾക്ക് ബ്രാൻഡഡ് മരുന്നുകളെക്കാൾ 30 ശതമാനം മുതൽ 80 ശതമാനം വരെ വിലക്കുറവായതിനാൽ, ഉത്തരവ് ആരോഗ്യ സംരക്ഷണച്ചെലവ് വലിയ തോതിൽ കുറയ്ക്കുമെന്നായിരുന്നു എൻഎംസിയുടെ കാഴ്ചപ്പാട്. എന്നാൽ ഗുണനിലവാര നിയന്ത്രണമില്ലാത്തതിനാൽ ഇത്തരം മരുന്നുകളുടെ ഉപയോഗം രോഗികളെ അപകടത്തിലാക്കുമെന്നാണ് ഡോക്ടർമാരുടെ വാദം.
ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിലും കുടിൽ വ്യവസായമെന്ന നിലയിൽ ഉല്പാദിപ്പിക്കുന്ന ജനറിക് മരുന്നുകളിൽ കൃത്രിമമുണ്ടെന്ന പരാതി ഡോക്ടർമാർ അടിസ്ഥാനമായി നിരത്തുന്നുമുണ്ട്. ഒരു കമ്പനിയുടെ മരുന്നിന്റെ പേറ്റന്റ് കാലാവധി അവസാനിക്കുമ്പോൾ ആ മരുന്ന് പിന്നീട് ഏത് കമ്പനിക്കും ഉല്പാദിപ്പിക്കാം. അവയെയാണ് ജനറിക് മരുന്നുകൾ എന്ന് പറയുന്നത്. ഒരു മരുന്ന് ഒരു കമ്പനി മാത്രം ഉല്പാദിപ്പിക്കുമ്പോൾ ഉയർന്നു നിൽക്കുന്ന വില, പല കമ്പനികൾ നിർമ്മിക്കുമ്പോൾ കുറയും.
എന്നാല്‍ കുത്തകകളെ സഹായിക്കാന്‍, ഏഴ് വർഷമായിരുന്ന പേറ്റന്റ് കാലാവധി 20 വർഷമാക്കി നീട്ടി നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. 1977–79 കാലഘട്ടത്തിൽ കേന്ദ്ര ഇടപെടലിലൂടെ 400‑ൽ താഴെ ബ്രാൻഡഡ് അവശ്യമരുന്നുകളുടെ വില പിടിച്ചു നിർത്തിയിരുന്നു. ഏത് കമ്പനിയുടെ മരുന്നും സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് മാത്രമേ വില്പന നടത്താൻ കഴിഞ്ഞിരുന്നുള്ളു. പിന്നീട് കുത്തക മരുന്നു കമ്പനികൾക്ക് ലാഭം വർധിക്കുന്ന തരത്തിൽ ഔഷധ വില നിർണയം നടപ്പിൽ വന്നു.
ഇപ്പോൾ, മരുന്ന് നിർമ്മാണക്കമ്പനിക്ക് അവരുടെ ഉല്പന്നത്തിന് തോന്നുന്ന വില നിശ്ചയിക്കാം. ലാഭം കൂടുതൽ കിട്ടുന്ന മരുന്നുകൾ മാത്രമേ വിപണിയും അധികമായി സംഭരിക്കുന്നുള്ളു. രാജ്യത്തെ എല്ലാ മരുന്നുകമ്പനികളും ബ്രാൻഡഡ് ഉല്പന്നങ്ങളുടെ ജനറിക് പതിപ്പുകള്‍ വിപണിയിലിറക്കുന്നുണ്ട്. രാജ്യത്തെ ആകെ മരുന്നുകളുടെ പത്തിലൊന്നും ഉപയോഗിക്കുന്നത് കേരളത്തിലാണ്.
English Summary: No quality control; Backlash to generic drugs
You may also like this video