Site icon Janayugom Online

ഐടി മേഖലയില്‍ നിയമന മരവിപ്പ്; ആഗോളമാന്ദ്യത്തിനിടെ പതിനായിരങ്ങളെ പിരിച്ചുവിട്ടു

ഐടി മേഖലയിലെ ആളോഹരിമാന്ദ്യത്തിനിടെ കേരളത്തില്‍ ആശങ്കയായി നിയമനങ്ങള്‍ നിശ്ചലമാകുന്നു. പ്രതിവര്‍ഷം സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളില്‍ നിന്നും സാങ്കേതിക സര്‍വകലാശാലകളില്‍ നിന്നും ആയിരങ്ങളെയാണ് കാമ്പസുകളില്‍ നിന്ന് ഐടി കമ്പനികള്‍ റിക്രൂട്ട് ചെയ്തുവന്നത്. എന്നാല്‍ പ്രമുഖ എന്‍ജിനീയറിങ് കോളജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നും ഒരു വര്‍ഷത്തിനിടെയുണ്ടായ കാമ്പസ് സെലക്ഷന്‍ നാമമാത്രം. പ്രമുഖ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്നും പ്രതിവര്‍ഷം രണ്ടായിരത്തോളം പേരെയായിരുന്നു ശരാശരി റിക്രൂട്ട് ചെയ്തിരുന്നത്. അത് ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 170ന് താഴെയായി. സാങ്കേതിക സര്‍വകലാശാലയായ കുസാറ്റില്‍ നിന്നായിരുന്നു ഒരു വര്‍ഷം നാലായിരത്തില്പരം പേരെ കാമ്പസ് റിക്രൂട്ട്മെന്റ് വഴി നിയമനം നല്‍കിയിരുന്നത്. ഈ വര്‍ഷം നടന്നത് വെറും 339 നിയമനങ്ങള്‍. പ്രതിവര്‍ഷം 3.36 ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെയായിരുന്നു ഇവരുടെ വേതനം.

പക്ഷേ അടുത്ത കാലത്തായി നിയമനമരവിപ്പിനൊപ്പം വേതനവും ഗണ്യമായി വെട്ടിക്കുറയ്ക്കുകയാണ്. കാമ്പസ് സെലക്ഷന്‍ ലഭിച്ചവര്‍പോലും ജോലിക്കു ചേരാതെ വിട്ടുനില്‍ക്കുന്നു. ഐടി മേഖലയില്‍ വൈകാതെ തന്നെ അഭൂതപൂര്‍വമായ ലേഓഫുകളും ലോക്കൗട്ടുകളും ഉണ്ടായേക്കുമെന്ന ആശങ്കതന്നെയാണ് കാരണം. ഒന്നിലധികം ഐടി കമ്പനികളില്‍‍ കാമ്പസ് റിക്രൂട്ട്മെന്റുവഴി നിയമനം ലഭിച്ചവര്‍ ഇവിടത്തെ ജോലിയില്‍ ചേരാതെ വിദേശ ജോലികള്‍ സ്വീകരിച്ചു കടല്‍ കടക്കുന്നതും ആശങ്കയാവുന്നു.

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 65,000ല്‍പ്പരം പേരാണ് ജോലി ചെയ്തിരുന്നത്. ഇവിടെ മിക്ക സ്ഥാപനങ്ങളും കഴിഞ്ഞ ഒരു വര്‍ഷമായി ഒരൊറ്റ നിയമനവും നടത്തിയിട്ടില്ല. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലെയും സ്ഥിതി ഇതുതന്നെയാണ്. ഇപ്പോള്‍ ജോലി ചെയ്യുന്നവരില്‍ പത്തു ശതമാനത്തോളം പേരെ പിരിച്ചുവിട്ടു കഴിഞ്ഞുവെന്ന കണക്കും പുതിയ പ്രതിസന്ധിയാകുന്നു. കാമ്പസ് റിക്രൂട്ട്മെന്റ്കഴിഞ്ഞ് മാസങ്ങളായിട്ടും നിയമന നടപടികള്‍ പൂര്‍ത്തിയാക്കാതെ വൈകിപ്പിക്കല്‍ തന്ത്രത്തിലാണ് പല കമ്പനികളും. കാമ്പസ് റിക്രൂട്ട്മെന്റുകള്‍ നടത്തിയശേഷം ഫലം പ്രഖ്യാപിക്കാതെ വിദ്യാര്‍ത്ഥികളെ അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സ്ഥാപനങ്ങളും ധാരാളം.

സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിങ് കോളജുകളില്‍ 55,665 സീറ്റുകളാണുള്ളത്. എന്‍ജിനീയറിങ് രംഗത്തെ സാധ്യതകള്‍ മുങ്ങിയതോടെ ഈ അധ്യയനവര്‍ഷം എല്ലാ കോളജുകളിലുമായി 28,000 സീറ്റുകളോളം പ്രവേശനത്തിനാളില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. എന്‍ജിനീയറിങ് വിദ്യാഭ്യാസരംഗം അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയുടെ തെളിവാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടും. കാര്യങ്ങള്‍ ഇക്കണക്കിനുപോയാല്‍ പല എന്‍ജിനീയറിങ് കോളജുകളും അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ ഐടി സ്ഥാപനങ്ങളെ മുഖ്യമായി ആശ്രയിച്ച് എന്‍ജിനീയറിങ് പഠനം തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ക്ലര്‍ക്ക് പണിക്കുപോകേണ്ട ദുരവസ്ഥ.

ഐടി മേഖലയിലെ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതമായി ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുമാത്രം 2,33,483 പേരെയാണ് കോവിഡ് വ്യാപനത്തിനു ശേഷം പിരിച്ചുവിട്ടത്. മാന്ദ്യത്തിന്റെ ഫലമായി മെറ്റ, ട്വിറ്റര്‍, നെറ്റ്ഫ്ലിക്സ്, സെയില്‍സ്ഫോഴ്സ്, റോബിന്‍ഹുഡ്, ആമസോണ്‍ തുടങ്ങിയ ആഗോള ഭീമന്മാര്‍, പതിനായിരം ജീവനക്കാരെ വീതം പിരിച്ചുവിടുമെന്ന റിപ്പോര്‍ട്ടും വന്നു കഴിഞ്ഞു. ഇവിടെ ജോലിയും മാന്യമായ വേതനവും ലഭിക്കാതെ വരുമ്പോള്‍ വിദേശത്തു ജോലി തേടാമെന്ന സംസ്ഥാനത്തെ സാങ്കേതിക വിദ്യാര്‍ത്ഥികളുടെ മോഹവും മാന്ദ്യത്തിനിടെ പൊലിയുന്നു. അനുദിനം നവീകരിച്ചുവരുന്ന ആഗോള ഐടി രംഗങ്ങളെ ഇപ്പോഴത്തെ നിയമനങ്ങള്‍ അതിപൂരിതാവസ്ഥയിലെത്തി നില്‍ക്കുന്നതിനാല്‍ ഈ രംഗത്തെ തൊഴില്‍ സാധ്യതകള്‍ ഇനിയും കുറയുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

Eng­lish Sum­ma­ry: There are no recruit­ments in the IT sector
You may also like this video

Exit mobile version