Site icon Janayugom Online

കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകുന്നില്ല; കുവൈറ്റ് ഫാമിലി, വിസിറ്റിങ് വിസകള്‍ നിര്‍ത്തിവച്ചു

കുവൈറ്റ് പ്രവാസികള്‍ക്കായി ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ ആറു ഗവര്‍ണറേറ്റിലെയും റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഡോക്ടര്‍മാര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിലക്ക് ബാധകമല്ല. എന്നിരുന്നാലും, ഇതിനകം വിസ അനുവദിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

വിദേശികള്‍ക്ക് കുടുംബങ്ങളെ കൂടെ താമസിപ്പിക്കുന്നതിനുള്ള ആര്‍ട്ടിക്കിള്‍ 22 വിസയാണ് താല്‍ക്കാലികമായി നിര്‍ത്തിയത്. വിസ വിതരണത്തിന് പുതിയ മെക്കാനിസം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. കഴിഞ്ഞ ജൂണില്‍ കുടുംബ സന്ദര്‍ശകര്‍ക്കുള്ള വിസ വിതരണം താത്കാലികമായി നിര്‍ത്തിയിരുന്നത് പുനരാരംഭിച്ചിട്ടില്ല. സ്ഥലം കാണാനായി കുടുംബ സന്ദര്‍ശന വിസയിലെത്തിയ ഏകദേശം 20000 വിദേശികള്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തതിനെ തുടര്‍ന്നാണ് സന്ദര്‍ശന വിസ നല്‍കുന്നത് നിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പുറമെയാണ് കുടുംബങ്ങള്‍ക്കായുള്ള ആശ്രിത വിസയും നിര്‍ത്തുന്നത്.

Eng­lish sum­ma­ry; No return after expiry; Fam­i­ly and vis­it­ing visas for Kuwaiti expa­tri­ates suspended

You may also like this video;

Exit mobile version