Site iconSite icon Janayugom Online

മത്സരിക്കാൻ സീറ്റ് നൽകിയില്ല; ഡൽഹിയിൽ ആം ആദ്മി പാർട്ടിയിലെ ഏഴ് എംഎൽഎമാർ രാജിവെച്ചു

മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് ഡൽഹിയിൽ ആം ആദ്മി പാർട്ടിയിലെ ഏഴ് എംഎൽഎമാർ രാജിവെച്ചു. നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൻ ലാൽ (കസ്തൂർബ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവ്‌ന ഗൗഡ് (പലാം), ഭൂപീന്ദർ സിങ് ജൂൺ (ബിജ്‌വാസൻ) എന്നിവരാണ് 5 ദിവസത്തിനിടെ രാജിവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കി നില്‍ക്കെയാണ് ആംആദ്മി പാര്‍ട്ടിയിലെ പ്രതിസന്ധി.

 

ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള രാജി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാളിനോടുള്ള തർക്കങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. പാര്‍ട്ടി നേതൃത്വവുമായി രാജിവെച്ച എംഎല്‍എമാര്‍ക്ക് കടുത്ത അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എംഎല്‍എമാര്‍ ഉന്നയിച്ചിരിക്കുന്നത്. കേജ്‌രിവാളിന്റെ വിശ്വാസ്യത ഇല്ലാതായിരിക്കുന്നുവെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഒറ്റഘട്ടമായി ഫെബ്രുവരി 5നാണ് ഡൽഹി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിന് വോട്ടെണ്ണും. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പ്കളിലും ആകെയുള്ള 70 സീറ്റിൽ യഥാക്രമം 67,62 സീറ്റുകൾ നേടി എഎപി വൻ വിജയം നേടിയിരുന്നു.

Exit mobile version