Site iconSite icon Janayugom Online

ഗോവയിൽ കടുവാസങ്കേതം വേണ്ട; ദേശീയ കടുവാ അതോറിറ്റിയുടെ ആവശ്യം തള്ളി സംസ്ഥാന സർക്കാർ

ജൈവവൈവിധ്യത്താൽ സമ്പന്നമായ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ ഗോവയിൽ ഒരു കടുവാസങ്കേതം വേണമെന്ന ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ (എൻ ടി സി എ) ആവശ്യം സംസ്ഥാന സർക്കാർ നിരസിച്ചു. 750 ചതുരശ്ര കിലോമീറ്റർ വരുന്ന ഏരിയ കടുവാസങ്കേതമായി പ്രഖ്യാപിക്കണമെന്നാണ് എൻ ടി സി എയുടെ നിർദേശം. ഈ ആവശ്യം നേരത്തെ ബോംബെ ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാൽ, ഇവിടെ കടുവകളുടെ സാന്നിധ്യമുണ്ടെന്ന അതോറിറ്റിയുടെ കണ്ടെത്തൽ തെറ്റാണെന്നും കർണാടകയിലെയും മഹാരാഷ്ട്രയിലെയും കടുവാ സങ്കേതങ്ങളിൽ നിന്ന് കടന്നുവരുന്ന കടുവകളുടെ സാന്നിധ്യം മാത്രമാണ് ഇവിടെയുള്ളതെന്നുമാണ് ഗോവ സർക്കാരിൻ്റെ വാദം. 

ഗോവയിൽ കടുവാ സങ്കേതം സ്ഥാപിക്കണമെന്ന 2023 സെപ്റ്റംബറിലെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് ഗോവ സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. അതേസമയം, കർണാടകയുമായി നിലനിൽക്കുന്ന മാദേയി നദിയിലെ വെള്ളം പങ്കുവെക്കുന്ന വിഷയത്തിൽ ഗോവ സർക്കാർ കൈക്കൊണ്ട നിലപാടിന് കടകവിരുദ്ധമാണ് നിലവിലെ കടുവാസങ്കേതത്തോടുള്ള സമീപനമെന്ന് വിലയിരുത്തപ്പെടുന്നു. കർണാടകയുമായുള്ള നീണ്ട നദീജല തർക്കത്തിൽ, ഗോവ നേരത്തെ വാദിച്ചിരുന്നത് തങ്ങളുടെ വന്യജീവി സങ്കേതമായ മഹാദേയിയിൽ കടുവകൾ വസിക്കുന്നുണ്ട് എന്നായിരുന്നു. മഹാദേയി നദിയിലെ വെള്ളം വഴിതിരിച്ചുവിട്ടാൽ അവിടത്തെ ജൈവവൈവിധ്യത്തെ ബാധിക്കുമെന്നായിരുന്നു ഗോവയുടെ മുൻ വാദം. നിലവിൽ നദീജല വിഷയത്തിൽ സ്റ്റാറ്റസ്കോ നിലനിർത്താനാണ് കോടതി പറഞ്ഞിട്ടുള്ളത്. സെൻട്രൽ എംപവേർഡ് കമ്മിറ്റിയോട് പഠിച്ച് റിപ്പോർട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

Exit mobile version