സാധാരണ പൈപ്പിൽ വരുന്ന വെള്ളം ഉപഭോക്താവ് എടുക്കുന്നതിന് അനുസരിച്ചുള്ള ബില്ലാണ് വാട്ടർ അതോറിറ്റി നൽകുക. എന്നാൽ കണക്ഷുനുണ്ടെങ്കിലും ലഭിക്കാത്ത വെള്ളത്തിന് ബില്ല് വന്നിരിക്കുകയാണ് പൂമലയിൽ ഒരു കുടുംബത്തിന്. സുൽത്താൻബത്തേരി പൂമല കുരുത്തോലയിൽ ദിവ്യ മേജോയ്ക്കാണ് വാട്ടർ അതോറിറ്റിയുടെ വക ബില്ല് ലഭിച്ചത്. 518 രൂപയുടെ ബില്ലാണ് ഇവർക്ക് കഴിഞ്ഞദിവസം ലഭിച്ചത്. ഈ മാസം 25നകം തുക അടക്കം. കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ പിഴയോടുകൂടി അടക്കേണ്ട തീയതി ഏപ്രിൽ നാലാണ്.
ഇതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ഈ കുടുംബം. എട്ട് മാസം മുമ്പാണ് ജൽ ജീവൻ മിഷന്റെ പൈപ്പ്‌ലൈൻ വീട്ടിൽ സ്ഥാപിച്ചത്. എന്നാൽ ഇതുവരെയായിട്ടും പൈപ്പിലൂടെ ഒരു തുള്ളി വെള്ളം പോലും വന്നിട്ടില്ല. ഇതിനാണ് റീഡിങ് പൂജ്യം രേഖപെടുത്തി തുക 518 കാണിച്ച് ബില്ല് വന്നിട്ടുള്ളത്. മീറ്ററിലും റീഡിങ് കാണിക്കുന്നില്ല. ബില്ല് കിട്ടിയപ്പോൾ കുടുംബം വാട്ടർ അതോറിറ്റിയുമായി ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും വ്യക്തമായ മറുപടിയും ലഭിച്ചിട്ടില്ല. ലഭിക്കാത്ത വെള്ളത്തിന് ഏതു സാഹചര്യത്തിലാണ് വാട്ടർ അതോറിറ്റി തങ്ങൾക്ക് ബില്ല് നൽകിയത് എന്നാണ് കുടുംബം ചോദിക്കുന്നത്.

